ജ്യൂസില്‍ മയക്കുമരുന്നു നല്‍കി വയോധികയുടെ മുക്കുപണ്ടം മോഷ്ടിച്ച് പണയം വെച്ചു, യുവതി പിടിയില്‍

0
79

തൃശൂര്‍ : വൃദ്ധയ്ക്ക് ജ്യൂസില്‍ ഉറക്ക ഗുളിക കൊടുത്ത് മയക്കിക്കിടത്തി, അറിയാതെ മുക്കുപണ്ടം മോഷ്ടിച്ച് പണയം വെച്ച യുവതി പിടിയില്‍. തൃശൂരിലെ ഒരു ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ വൃദ്ധയാണ് തട്ടിപ്പിന് ഇരയായത്. കേസില്‍ തളിക്കുളം എസ്.എന്‍.വി സ്‌കൂളിന് സമീപം കളരിക്കല്‍ ലജിതയെ (41) പൊലീസ് അറസ്റ്റ് ചെയ്തതു.

ഈ മാസം രണ്ടിനായിരുന്നു സംഭവം. തൃശൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ വൃദ്ധയ്ക്ക് ലജിത ഉറക്കഗുളിക ചേര്‍ത്ത ജ്യൂസ് കുടിക്കാന്‍ നല്‍കുകയായിരുന്നു. ജ്യൂസ് കുടിച്ച സ്ത്രീയ്ക്ക് മയക്കമനുഭവപ്പെട്ടയുടന്‍ മടിയില്‍ തലവെച്ച് ഉറങ്ങിക്കൊള്ളാന്‍ പറയുകയും, മാല മോഷ്ടിക്കുകയും ചെയ്തു. മോഷ്ടിച്ച മാല ഇവര്‍ ധനകാര്യ സ്ഥാപനത്തിലാണ് പണയം വെച്ചത്. പ്രതിയുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയില്‍ നിന്നും ലഭിച്ചതും സഹായകമായി.

നഷ്ടപ്പെട്ട മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ ഇത് മുക്കുപണ്ടമാണെന്ന് തെളിഞ്ഞു. മോഷ്ടിച്ച മാല പണയം വെച്ച സ്ത്രീക്കെതിരെ വ്യാജസ്വര്‍ണം പണയം വെച്ചതിനും കേസുണ്ട്.