വിവാഹാഭ്യർഥന നിരസിച്ചതിന് യുവാവ് പത്തൊൻപതുകാരിയെ കഴുത്ത് ഞെരിച്ചുകൊന്നു

0
87

ഹൈദരബാദ്: വിവാഹാഭ്യർഥന നിരസിച്ചതിന് യുവാവ് പത്തൊൻപതുകാരിയെ കഴുത്ത് ഞെരിച്ചുകൊന്നു.
മെയിലാർദേവ്പള്ളി സ്വദേശിനി സായ് പ്രിയയാണ് കൊല്ലപ്പെട്ടത്. മഹബൂബ്‌നഗർ ജില്ലയിലെ വനത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.

സംഭവത്തിൽ യുവതിയുടെ സുഹൃത്ത് ശ്രീശൈലത്തെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. സെപ്റ്റംബർ അഞ്ചുമുതൽ യുവതിയെ കാണാതാവുകയായിരുന്നു.നാലുവർഷത്തോളമായി സായ് പ്രിയയും ശ്രീശൈലവും സുഹൃത്തുക്കളായിരുന്നു. പിന്നീട് പെൺകുട്ടി ഇയാളുമായി അകലം പാലിക്കുകയും സുഹൃത്ത് ബന്ധം ഉപേക്ഷിക്കുന്നതായി സന്ദേശവുമയച്ചു.

തുടർന്ന് ശ്രീശൈലത്തിൻറെ ആവശ്യപ്രകാരം സെപ്റ്റംബർ അഞ്ചിന് യുവതി ഇയാളെ കാണാനായി വനപർത്തിയിലെ ഫാമിലെത്തി.കോളജിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയത്.

അവിടെ വെച്ച് ശ്രീശൈലം പെൺകുട്ടിയോട് വിവാഹാഭ്യർഥന നടത്തി. എന്നാൽ പെൺകുട്ടി അത് നിരസിച്ചു. പ്രകോപിതനായ ഇയാൾ യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുഴിച്ചിട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം ഫാമിൽ കണ്ടെത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു.