പശുവിനെ കടത്തി, ഗോ സംരക്ഷകര്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി

0
55

ചണ്ഡീഗഡ്: പശുവിനെ കടത്തി എന്നാരോപിച്ച് ഗോ സംരക്ഷകര്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതായി കുടുംബം. നൂഹ് ജില്ലയിലെ ഹുസൈന്‍പൂര്‍ സ്വദേശിയായ വാരിസ് (22) ആണ് കൊല്ലപ്പെട്ടത്. എന്നാല്‍ യുവാവ് മരണപ്പെട്ടത് റോഡപകടത്തിലാണെന്നാണ് പൊലീസ് പറയുന്നത്. ബജ്രംഗ്ദള്‍ നേതാവ് മോനുമനേസര്‍ ഉള്‍പ്പെടെയുളള പ്രവത്തകര്‍ ചേര്‍ന്ന് വാരിസിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ പൊലീസിന്റെ വാദത്തെ തളളിയ കുടുംബം ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. കരളിനേറ്റ മൂര്‍ച്ചയേറിയ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ഖോരി കലാന്‍ ഗ്രാമത്തിന് സമീപം ടൗരു-ഭിവാദി റോഡിലാണ് സംഭവം. വാരിസും സുഹൃത്തുക്കളായ നഫീസ്, ഷൗകീന്‍ എന്നിവരും സഞ്ചരിച്ച സാന്‍ട്രോ കാര്‍ ടെമ്പോയില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വാഹനത്തില്‍ പശുവിനെ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ വാരിസിനെ മര്‍ദിക്കുകയും ഇതാണ് മരണത്തിന് ഇടയാക്കിയതെന്നുമാണ് പരാതിയില്‍ പറയുന്നത്. വാരിസ് ഒരു കാര്‍ മെക്കാനിക്കാണെന്നും പശുക്കടത്തുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും കുടുംബം പറഞ്ഞു. മകനെയും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേരെയും മര്‍ദ്ദിക്കുന്ന വീഡിയോ ബജ്രംഗ്ദള്‍ പുറത്തുവിട്ടതായും കുടുംബം പറയുന്നു. വീട്ടുകാരുടെ മൊഴികള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.