അമ്മയെ പപ്പ കുത്തികൊന്നത് മകൾ നോറ അറിഞ്ഞിട്ടില്ല, നഷ്ടമറിയാതെ മെറിന്റെ രക്ഷിതാക്കൾക്കൊപ്പം ആ രണ്ടുവയസുകാരി

0
1242

കോട്ടയം: അമേരിക്കയിലെ ഫ്‌ളോറിഡയിൽ ഭർത്താവ് കൊലപ്പെടുത്തിയ
മെറിന്റെ മകൾ നോറ ഇനി അമ്മ ഈ ലോകത്തില്ലെന്ന കാര്യം തിരിച്ചറിഞ്ഞിട്ടില്ല. കാരണം മകൾ നോറ മെറിന്റെ അച്ഛനമ്മമാരായ ജോയിക്കും മേഴ്സിക്കുമൊപ്പം മോനിപ്പള്ളി ഊരാളിൽ വീട്ടിലായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇടവകപള്ളിയിലെ പെരുന്നാളുകൂടാൻ നെവിനും മെറിനും രണ്ടുവയസുകാരി മകൾ നോറയെയും കൊണ്ട് നാട്ടിലെത്തിയത്. അമേരിക്കയിൽ ജനിച്ച പേരക്കുട്ടിയെ മെറിന്റെ മാതാപിതാക്കൾ കണ്ടിരുന്നില്ല. ജോലിക്ക് പോകേണ്ടതിനാൽ നോറയെ മാതാപിതാക്കളെ ഏൽപ്പിച്ച ശേഷമാണ്
ജനുവരി 29 ന് മെറിൻ ജോലി സ്ഥലത്തേക്ക് മടങ്ങിയത്.
ചൊവ്വാഴ്ചയും കുടുംബാംഗങ്ങളെയും കുഞ്ഞുനോറയേയും കാണാൻ മെറിൻ വീഡിയോകോൾ ചെയ്തിരുന്നു. പിതാവ് ജോയിയോടും മാതാവ് മേഴ്സിയോടും നഴ്സിങ്ങിന് പഠിക്കുന്ന സഹോദരി മീരയോടും വിശേഷങ്ങൾ ചോദിച്ചു. കുഞ്ഞുനോറയെ കൺകുളിർക്കെ കണ്ടു.
എന്നാൽ രാത്രി പത്തുമണിയോടെ മെറിൻ കൊല്ലപ്പെട്ടതായുള്ള വാർത്ത മാതാപിതാക്കളെ തേടിയെത്തി. നെവിൻ ഫിലിപ്പുമായി പ്രശ്‌നങ്ങളുള്ള കാര്യം മാതാപിതാക്കൾക്കും അറിയാമായിരുന്നു. എന്നാൽ ശാന്തശീലയായ മകളോട് നെവിൻ ഫിലിപ്പ് ഇങ്ങനെ ചെയ്യുമെന്ന് അവർ സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. ഇരുവരും മാസങ്ങളായി അകന്നുതാമസിക്കുകയാണെങ്കിലും ഫിലിപ്പ് തന്നെ ഉപദ്രവിക്കുന്ന കാര്യം മെറിൻ പ്രിയപ്പെട്ടവരോട് പറഞ്ഞിരുന്നില്ല.
അതേസമയം മെറിനെ കുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച
ഭർത്താവ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 17 തവണ കുത്തിയശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി ഫിലിപ്പ് ഭാര്യയുടെ ശരീരത്തുകൂടെ കാർ കയറ്റിയിറക്കുകയും ചെയ്തിരുന്നു. ജോലി കഴിഞ്ഞു തിരിച്ചുവരികയായിരുന്ന മെറീനെ ആശുപത്രിയിലെത്തിയ ഫിലിപ്പ് കാർ പാർക്ക് ചെയ്ത സ്ഥലത്ത് വെച്ച് അക്രമിക്കുകയായിരുന്നു. മെറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.