ആണുമായും പെണ്ണുമായും സങ്കരവർഗമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; മകളുടെ 18ാം പിറന്നാളിന് അച്ഛന്റെ കത്ത്

0
682

സാമൂഹ്യ പ്രവർത്തകനായ മൈത്രേയൻ നടിയും മോഡലുമായ മകൾ കനിക്ക് പതിനെട്ട് വയസ് തികഞ്ഞപ്പോൾ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കത്തിൽ മദ്യംകഴിക്കാനും പുകവലിക്കാനും മകൾക്ക് താൻ പിന്തുണ നൽകുന്നതായി മൈത്രേയൻ വ്യക്തമാക്കുന്നു. കൂടാതെ ഇഷ്ടപെടുന്ന വ്യക്തിയുമായി അത് ആണായാലും പെണ്ണായാലും സങ്കര വർഗമായാലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മകൾക്കുള്ള അവകാശത്തെയും മൈത്രേയൻ പിന്തുണക്കുന്നതായും കത്തിലുണ്ട്.

കത്തിലെ പ്രധാന ഭാഗങ്ങൾ

എന്റെ പ്രിയമുള്ള മകൾ കനിക്ക്,

ഇന്ന് നിനക്ക് 18 വയസ്സ് തികയുകയാണ്. ഇന്ത്യൻ ഭരണഘടനാപരമായി സ്വതന്ത്രമായി തീരുമാനം എടുക്കാൻ അവകാശമുള്ള ഒരു വ്യക്തിയായി നീ മാറിയിരിക്കുന്നു. ഈ സന്ദർഭത്തിൽ നിന്റെ അവകാശങ്ങൾക്കും ഉത്തരവാദിത്വങ്ങൾക്കും ഒപ്പം നിന്നെ വളർത്താൻ ഒരു പ്രധാന പങ്കുവഹിച്ച വ്യക്തി എന്ന നിലയിൽ നിനക്ക് ചില പിന്തുണകളും വാഗ്ദാനങ്ങളായി ഞാൻ നൽകുകയാണ്.

വ്യത്യസ്തങ്ങളായ ജാതമത വിശ്വാസങ്ങളുടെയും, വർഗ്ഗ,വംശ, രാഷ്ട്രീയ വേർതിരുവുകളുടെയും,പുരുഷ മേധാവിത്വ മൂല്യങ്ങളുടെയും സമ്മിശ്ര സംസ്‌കാര സമൂഹത്തിൽ വേണം നീ ഇനി മുതൽ ഒരു സ്വതന്ത്ര്യ വ്യക്തിയായി ജീവിക്കാൻ. ഇവിടെ കാലുറപ്പിക്കാൻ എളുപ്പമല്ല. അതിൽ ഏത് ശരി, ഏത് തെറ്റ് എന്ന് സംശമുണർത്തുന്ന സന്ദർഭങ്ങളിൽ ഒന്ന് മറിച്ചു നോക്കാനാണ് ഈ കുറിപ്പ് നിനക്ക് ഞാൻ നൽകുന്നത്.

സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കണ്ട് പുരുഷന്മാരെ നിയന്ത്രിക്കാൻ തരത്തിൽ രൂപപ്പെടുത്തിയ മൂല്യങ്ങളും നിയമങ്ങളുമാണ് ഈ സമൂഹത്തിൽ ഭൂരിപക്ഷം ഉള്ളത്. സ്ത്രീകളെ നിയന്ത്രിക്കാൻ അവരുടെ ലൈംഗിക അവകാശങ്ങളെ കവർന്നെടുക്കുകയാണ് പുരുഷന്മാർ ചെയ്ത് വന്നത്. നിന്റെ സ്വാതന്ത്ര്യ ബോധം പുരുഷസമൂഹത്തിന്റെ മൂല്യ ബോധത്തിനെതിരാണ്. അതിനാൽ അതിന്റെ അടികളേൽക്കാൻ ധാരാളം സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാവുമെന്ന് ഞാൻ തിരിച്ചറിയുന്നു. ആ അടികളുടെ രൂക്ഷത കുറക്കാൻ എന്റെ ഇനിയുള്ള വാഗ്ദാനങ്ങൾ ശാരീരികവും മാനസികവുമായ ശക്തി പകരുമെന്ന് ഞാൻ കരുതുന്നു.

വീട് വിട്ട് പോകാനും മാറി താമസിക്കാനുമുള്ള നിന്റെ അവകാശത്തിനു പിന്തുണ പ്രഖ്യാപിക്കുന്നു.

ഇഷ്ടപെടുന്ന വ്യക്തിയുമായി അത് ആണായാലും പെണ്ണായാലും സങ്കര വർഗമായാലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിനക്കുള്ള അവകാശത്തിനും പിന്തുണ നൽകുന്നു.

ഗർഭം ധരിക്കാനും പ്രസവിക്കാനുമുള്ള നിന്റെ അവകാശം ഒരു പുരുഷന്റെ സംരക്ഷണം മാത്രം പരിമിതപ്പെടുത്തുന്ന ഇന്നത്തെ നടപ്പിന് വിരുദ്ധമായി നിനക്കത് സ്വതന്ത്രമായി ചെയ്യാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു

നിനക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശത്തിനും പിന്തുണ നൽകുന്നു

നിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഗർഭം ധരിക്കുവാൻ ഇടവരികയാണെങ്കിൽ അത് വേണ്ട എന്ന് വയ്ക്കാൻ നിനക്ക് അവകാശമുണ്ട്.

തിരഞ്ഞെടുത്ത ഇണയെ പിന്നീട് വേണ്ടെന്നു വയ്ക്കാനുള്ള അവകാശത്തിനു പിന്തുണ നൽകുന്നു

ഒരേ സമയം ഒന്നിലധികം പേരോട് പ്രണയം തോന്നാം അങ്ങനെ തോന്നുന്നത് സ്വാഭാവികമാണെന്ന് മനസിലാക്കി അതിനും പിന്തുണ നൽകുന്നു

ആരോടും പ്രേമം തോന്നുന്നില്ല അതിനാൽ ഒറ്റയ്ക്ക് കഴിയാനാണ് തീരുമാനം എങ്കിൽ അതിനും പിന്തുണ നൽകുന്നു

മദ്യംകഴിക്കാനും പുകവലിക്കാനും മറ്റേതൊരു വ്യക്തിയെ പോലെ നിനക്കും അവകാശമുണ്ട്.

നിനക്ക് ഇഷ്ടമുള്ള പ്രവർത്തി ചെയ്തു ജീവിക്കാൻ പരിപൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നു

അതെ സമയം മൈത്രേയൻ ചില അഭ്യർത്ഥനകളും മകൾക്കു മുന്നിൽ വയ്ക്കുന്നുണ്ട്. ബലാത്സംഗത്തിന് വിധേയയാൽ , അതിനെ അക്രമം എന്ന് കണ്ട് ഉളവാക്കിയ സ്‌തോഭത്തെ മറികടക്കാനുള്ള ആർജവം നേടിയെടുക്കണമെന്ന് മൈത്രേയൻ ഓർമിപ്പിക്കുന്നു.

ഒരു വ്യക്തിയുടെ നിലനിൽപ്പ് തന്നെ ചില സന്ദർഭങ്ങളിൽ മറ്റുള്ളവർക്ക് വേദന ഉളവാക്കുന്നതാണ് എന്ന് ഞാൻ അറിയുമ്പോൾ പോലും അറിഞ്ഞു കൊണ്ട് മറ്റൊരാളെ വാക്ക് കൊണ്ടോ , പ്രവർത്തി കൊണ്ടോ , നോട്ടം കൊണ്ടോ, ഭാവം കൊണ്ടോ വേദനിപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിക്കണം, ബലാത്സംഗം ചെയ്തവരെ പോലും വെറുക്കരുത്, ഈ ശ്രമത്തിന്റെ പരാജയം പോലും ജീവിത വിജയമാണ് ……

തന്റെയും മറ്റുള്ളവരുടെയും സ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തരം സമരം ചെയ്യണം .നമ്മുടെ സമരം വ്യക്തികൾക്കെതിരല്ല .വ്യവസ്ഥിതികൾക്കും സമ്പ്ര ദായങ്ങൾക്കുമെതിരെയാണ് .നീ അറിഞ്ഞു സ്‌നേഹിക്കുവാൻ കഴിവുള്ളവൾ ആണെന്ന് ഞാൻ മനസിലാക്കുന്നു .ആ സ്‌നേഹം അഗാധമാക്കാൻ ശ്രമിക്കുക .നമ്മുടെ പ്രവൃ ർത്തിയുടെ അളവ്‌കോൽ മറ്റുള്ളവരോടുള്ള സ്‌നേഹമാണോ എന്ന് നോക്കുക .

വളരെ കുറച്ച് നാൾ മാത്രം ജീവിതമുള്ള ഒരു വർഗമാണ് മനുഷ്യൻ .അതിനാൽ ഇന്നത്തെ നിന്റെ പ്രസരിപ്പ് നഷ്ടപ്പെടുത്താതെ മറ്റുള്ളവർക്ക് എന്നും ആനന്ദം നൽകി ജീവിക്കാൻ നിനക്ക് കഴിയട്ടെ എന്നാശംസിച്ച് കൊണ്ട് അച്ഛത്തമില്ലാതെ പെരുമാറാൻ ശ്രമിക്കുന്ന നിന്റെ അച്ഛൻ.

മൈത്രേയൻ