എനിക്കൊരു കുഞ്ഞുണ്ട് എങ്ങനെയങ്കിലും രക്ഷിക്കണേ, ഭർത്താവ് 17 തവണ കുത്തിയപ്പോഴും മെറിൻ നിലവിളിച്ചു

0
2740

അമേരിക്കയിലെ ഫ്‌ളോറിഡയിൽ കുത്തേറ്റുമരിച്ച മലയാളി നഴ്‌സും കോട്ടയം മോനിപ്പള്ളി സ്വദേശിയുമായ മെറിൻ ജോയിയുടെയും ഭർത്താവ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യുവിന്റെയും ദാമ്പത്യജീവിതം അസ്വാരസ്യങ്ങൾ നിറഞ്ഞതായിരുന്നുവെന്ന് റിപ്പോർട്ട്. ബംഗളുരു സെന്റ് ജോൺസ് നഴ്‌സിങ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ നഴ്‌സിങ് വിജയിച്ച വിദ്യാർഥിനിയായിരുന്നു മെറിൻ. വളരെ സ്മാർട്ടായിരുന്ന മെറിന്റെ ഭർത്താവ് അധികം സംസാരിക്കാത്ത പ്രകൃതക്കാരനുമായിരുന്നു.
സൗന്ദര്യത്തിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും അയൽവാസികൾ പറയുന്നു.

കഴിഞ്ഞതവണ നാട്ടിൽ വന്നപ്പോൾ തർക്കം മൂർച്ഛിച്ച് മാതാപിതാക്കളുടെ മുമ്പിൽ വെച്ച് മെറിനെ ഫിലിപ്പ് തല്ലിയതും വിവാദമായിരുന്നു. തുടർന്ന് മാതാപിതാക്കളുടെ നിർദേശമനുസരിച്ച് അമേരിക്കയിൽ വെച്ച് മെറിൻ ഫിലിപ്പിന് ഡിവോഴ്‌സിനുള്ള നോട്ടീസ് അയയ്ക്കുകയും ചെയ്തു. സംഭവം പ്രശ്‌നമായതോടെ ഫിലിപ്പ് ഡിട്രോയിറ്റിലേക്ക് പോയതായും വിവരമുണ്ട്. എന്നാൽ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ അയൽക്കാർ മുന്നിട്ടിറങ്ങി. ഇവരുടെ ശ്രമഫലമായി പ്രശ്‌നങ്ങൾ പറഞ്ഞുതീർത്ത ശേഷം ഇരുവരും രണ്ടാഴ്ചയോളം ഒന്നിച്ചു താമസിച്ചു. എന്നാൽ വീണ്ടും ഫിലിപ്പ് മർദനം തുടങ്ങിയതോടെ മെറിൻ വീണ്ടും ഡിവോഴ്‌സ് നോട്ടീസയച്ചു. പിന്നീട് ഡിട്രോയിറ്റിലും മിയാമിയിലുമായാണ് ഇരുവരും താമസിച്ചിരുന്നത്. ഫിലിപ്പ് സ്ഥലത്തെ വൈദികനോട് സംസാരിക്കുകയും തനിക്ക് മെറിനെ വളരെ ഇഷ്ടമാണെന്ന് പറുകയും ചെയ്തിരുന്നു.

തുടർന്ന് ജോലി കഴിഞ്ഞു തിരിച്ചുവരികയായിരുന്ന മെറീനെ ആശുപത്രിയിലെത്തിയ ഫിലിപ്പ് കാർ പാർക്ക് ചെയ്ത സ്ഥലത്ത് വെച്ച് അക്രമിക്കുകയായിരുന്നു. 17 തവണ കുത്തിയശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി ഭാര്യയുടെ ശരീരത്തുകൂടെ കാർ കയറ്റിയിറക്കുകയും ചെയ്തു. കുത്തേറ്റ മെറിൻ എനിക്കൊരു കുഞ്ഞി കൊച്ചുണ്ട്, എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണെ എന്ന് നിലവിളിച്ചതായും സംഭവം കണ്ടവർ പറയുന്നു. മെറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഫിലിപ്പ് മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾക്കെതിരെ ആസൂത്രിതമായ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.