കോവിഡ് വിലക്ക് ലംഘിച്ച് കുര്‍ബാന: വികാരിക്കും സഹവികാരിക്കും വിശ്വാസികള്‍ക്കും എതിരെ കേസ്‌

0
2064

കോട്ടയം: കൊവിഡ് നിയന്ത്രണങ്ങള്‍ വകവെയ്ക്കാതെ കുര്‍ബാന അര്‍പ്പിച്ചതിന് വൈദികര്‍ക്കും കൈക്കാരന്മാര്‍ക്കുമെതിരെ കേസ്. കടത്തുരുത്തി പൊലീസാണ് സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, സഹവികാരി ഫാ.ഷിന്റൊ വര്‍ഗീസ്,
കൈക്കാരന്മാരായ ഔസേപ്പച്ചന്‍ ചിറപ്പുറം, ബേബി വഞ്ചിപ്പുരയ്ക്കല്‍, ജോയി വടക്കേ ഓലിത്തടം, എന്നിവര്‍ക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ ദിവസം സെന്റ് മേരീസ് പളളിയുടെ പ്രദേശത്ത് 5 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മാഞ്ഞൂരിലും കടുത്തുരുത്തി ടൗണിലും മാര്‍ക്കറ്റിലും അടക്കം പലരും ഇവരുടെ സമ്പര്‍ക്ക പട്ടികയിലുമുണ്ട്.

ഞായറാഴ്ച രാവിലെ ആറിനും രാവിലെ പത്തിനുമായിരുന്നു കുര്‍ബാന.
രണ്ടു കുര്‍ബാനയിലും എണ്‍പതിലധികം പേരാണ് പങ്കെടുത്തത്. ആദ്യം നടത്തിയ കുര്‍ബാനയില്‍ ആളുകള്‍ കൂടുതലാണെന്ന് വിവരം ലഭിച്ചപ്പോള്‍ തന്നെ വികാരിക്ക് പോലീസ് താക്കീത് നല്‍കിയിരുന്നു.
എന്നാല്‍, ഇത് ലംഘിച്ച് പത്തു മണിക്ക് നടന്ന കുര്‍ബാനയിലും വളരെയധികം ആളുകള്‍ പങ്കെടുക്കുകയായിരുന്നു. കുര്‍ബാനയ്ക്ക് കൂടിയവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.