ദുബായിൽ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും നാടുകടത്തലും

0
874

ദുബായ്: ദുബായിൽ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും നാടുകടത്തലും. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രനെ(40)യാണ് ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷ് കുത്തിക്കൊലപ്പെടുത്തിയത്.
കഴിഞ്ഞവർഷം സെപ്തംബർ ഒമ്പതിനാണ് യുഗേഷ് വിദ്യയെ കുത്തിക്കൊലപ്പെടുത്തിയത്.
ഓണമാഘോഷിക്കാൻ നാട്ടിലേക്ക് പോകാൻ ഒരുങ്ങിയിരുന്ന വിദ്യയെ
കമ്പനി ഓഫീസിന്റെ പാർക്കിങിലേക്ക് യുഗേഷ് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ പ്രകോപിതനായി യുഗേഷ് കോട്ടിനുള്ളിൽ ഒളിപ്പിച്ച കത്തിയെടുത്ത് വിദ്യയെ മൂന്നുതവണ കുത്തുകയായിരുന്നു. മാരകമായി മുറിവേറ്റ വിദ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മാനേജരുടെ മുന്നിൽ വെച്ച് വിദ്യയെ യുഗേഷ് ആലിംഗനം ചെയ്തത് സംബന്ധിച്ചായിരുന്നു തർക്കം.
16 വർഷങ്ങൾക്ക് വിവാഹിതരായ ഇവരുടെ ദാമ്പത്യജീവിതം അസ്വാരസ്യങ്ങൾ നിറഞ്ഞതായിരുന്നു. ഭാര്യയെ സംശയമുണ്ടായിരുന്ന യുഗേഷ് പലതും പറഞ്ഞ് വിദ്യയെ മാനസികമായും ശാരീരികമായും പീഢിപ്പിച്ചിരുന്നു. ബാങ്കിൽ നിന്നും വായ്പയെടുത്ത പത്ത് ലക്ഷം അടച്ചുതീർക്കാനുള്ള ജോലി തേടി 11 മാസങ്ങൾക്ക് മുമ്പാണ് വിദ്യ യുഎഇയിൽ എത്തിയത്. വിദ്യ കൊല്ലപ്പെടുന്നതിന് ഒരു മാസം മുമ്പാണ് യുഗേഷ് യു.എ.യിൽ എത്തിയത്.

വിദ്യയുടെ മൂത്ത മകൾ ശ്രദ്ധ പ്ലസ്ടു വിദ്യാർഥിയാണ്. ഇളയമകൾ വരദ രണ്ടാം ക്ലാസിലാണ്.