കോലഞ്ചേരി: പാങ്കോടിൽ എഴുപത്തഞ്ചുകാരിയെ അതിക്രൂരമായി
ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വാഴക്കുളം ചെമ്പറക്കി വാഴപ്പിള്ളി മുഹമ്മദ് ഷാഫി (50) എന്ന ലോറി ഡ്രൈവറും ഇരുപ്പച്ചിറ ആശാരിമലയിൽ മനോജ് (46), മനോജിന്റെ മാതാവ് ഓമന (66) എന്നിവരാണ് അറസ്റ്റിലായത്. വൃദ്ധയെ മാനഭംഗപ്പെടുത്തിയ ശേഷം ഒളിവിൽ പോയ മുഹമ്മദ് ഷാഫിയെ പുത്തൻകുരിശ് സി.ഐയുടെ നേതൃത്വത്തിൽ ചെമ്പറക്കിയിൽനിന്നും ഓടിച്ചിട്ടുപിടികൂടുകയായിരുന്നു.
മനോജിന്റെ വീട് കേന്ദ്രീകരിച്ചുനടന്ന പെൺവാണിഭവുമായി ബന്ധപ്പെട്ടാണ് വൃദ്ധ ആക്രമിക്കപ്പെട്ടത്. സിന്തറ്റിക് കമ്പനിയുടെ അടുത്ത് താമസിക്കുന്ന മനോജിന്റെ അമ്മ ഓമനയാണ് ആവശ്യക്കാർക്ക് പെൺകുട്ടികളെ എത്തിച്ചുനൽകിയിരുന്നത്. കമ്പനിയിലേയ്ക്ക് ലോഡുമായി ലോറിക്കാർക്ക് ഇവർ പെൺകുട്ടികളെ നൽകിയിരുന്നു. ഇടപാടിന് ഇവർ കമ്മീഷൻ ഈടാക്കുകയും ചെയ്യും. 3000 വും 5000 യിരവുമൊക്കെയായിരുന്നു ഒരു ഇടപാടിൽ ഓമനയുടെ കയ്യിലെത്തിയിരുന്നത്.
മുഹമ്മദ് ഷാഫി എന്ന നാഷണൽപെർമിറ്റ് ലോറി ഡ്രൈവർ പൂണെയിൽ നിന്നും 1-ാം തിയതിയാണ് കോഞ്ചേരിയിലെത്തിയത്. യാത്ര പുറപ്പെടുമ്പോൾ ഓമനയോട് ഒരു പ്രായം കുറഞ്ഞ പെൺകുട്ടിയെ വേണമെന്ന് മുഹമ്മദ് പറഞ്ഞിരുന്നു. ഓമന തരപ്പെടുത്താമെന്ന് വാക്കുനൽകുകയും ചെയ്തു.
മുഹമ്മദ് എത്തിയ സമയത്ത് ഓമനക്ക് പതിവ് പെൺകുട്ടികളെ ഒന്നും സംഘടിപ്പിച്ചുകൊടുക്കാനായില്ല. മദ്യലഹരിയിലായിരുന്ന മുഹമ്മദ് പെൺകുട്ടിയെപ്പറ്റി ചോദിക്കുമ്പോൾ ഓമന വിഷയം മാറ്റിക്കൊണ്ടിരുന്നു. ഈ സമയത്താണ് ഓമനയുടെ പരിചയക്കാരിയായ വൃദ്ധ അവിടെയെത്തിയത്. പിന്നീട് ഓമന വൃദ്ധയെ മുഹമ്മദിന്റെ അടുത്തേക്ക് തള്ളിവിടുകയായിരുന്നു.
തുടർന്ന് മർദ്ദിച്ചും മാന്തിയും ദേഹത്ത് കയറിയിരുന്നുമെല്ലാം ഇയാൾ ഇവരെ അവശയാക്കി. ബ്ലെയ്ഡ് കൊണ്ട് രഹസ്യഭാഗങ്ങളിൽ വരഞ്ഞതായും വിവരമുണ്ട്. ഓമന വൃദ്ധയെ പീഡിപ്പിക്കാൻ മുഹമ്മദിന് എല്ലാ പിന്തുണയും നൽകി.
ഓമനയുടെ ദുർനടപ്പ് മകൻ മനോജിനിഷ്ടമല്ല. ഓമനയുടെ പ്രവൃത്തികൾ അസഹനീയമായതോടെ മനോജിന്റെ ഭാര്യ പിണങ്ങി വയനാട്ടിലേ സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നു.
അപ്രതീക്ഷിതമായി മകൻ മനോജ് വീട്ടിലെത്തിയതോടെ ഓമനയുടെ പദ്ധതികൾ പാളി. വൃദ്ധയെയും മുഹമ്മദിനെയും കണ്ട മനോജ് അടുക്കളയിൽ നിന്നും കറിക്കത്തിയെടുത്ത് വൃദ്ധയുടെ ജനനേന്ദ്രിയത്തിനുള്ളിൽ കടത്തി വലിക്കുകയായിരുന്നു. വൃദ്ധയുടെ നിലവിളി വകവെയ്ക്കാതെ മാറിടവും ഇയാൾ കത്തികൊണ്ട് കുത്തിക്കീറി. ചോരയിൽ കുളിച്ച ഇവരുടെ അടിവയറ്റിൽ ആഞ്ഞ് ചവിട്ടുകയും ചെയ്തു.
പേടിച്ചിട്ടാണ് മകൻ വൃദ്ധയെ ആക്രമിക്കുന്നത് കണ്ടിട്ടും തടയാഞ്ഞതെന്നാണ് ഓമന പറഞ്ഞത്. ദേഷ്യത്തിൽ തന്നെയും മകൻ മർദ്ദിച്ചെന്നും
ഓമന പറഞ്ഞു. രാവിലെ 11.30 തോടെയാണ് വൃദ്ധ ആക്രമിക്കപ്പെടുന്നത്. രക്തമൊഴുകുന്ന അവസ്ഥയിൽ 2.30 വരെ ഇവർ ഈ വീട്ടിൽ കിടന്നു.
അതേസമയം, കോലഞ്ചേരി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള വൃദ്ധയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു