ഫ്‌ലോറിഡ: ഭർത്താവ് ഫിലിപ്പിനെപ്പറ്റി മെറിൻ ഭയത്തോടെ മാത്രമേ സംസാരിക്കാറുണ്ടായിരുന്നുള്ളെന്ന് സഹപ്രവർത്തക. ഫിലിപ്പിന് മെറിനെ മർദിക്കുന്നത് വിനോദമായിരുന്നെന്നും മെറിനെയും കുഞ്ഞിനെയും തീർത്തുകളയുമെന്ന് ഇയാൾ പലതവണ ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. അധികം സംസാരിക്കാത്ത മന്ദബുദ്ധി പോലെയാണ് ഫിലിപ്പെന്നാണ് കഴിഞ്ഞദിവസം ഒരു അയൽക്കാരി പറഞ്ഞത്. സൗന്ദര്യത്തിന്റെ പേരിൽ ഇരുവരുമായി രണ്ടുവർഷത്തോളമായി വഴക്കുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു.
അതേസമയം ഭീകരമായ അപകർഷതാബോധമാണ് ഫിലിപ്പിനെ കൊലപാതകിയാക്കിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.
തന്റെ ജോലി ഭാര്യയുടെ അത്രയും പോരാ എന്ന ചിന്ത ഫിലിപ്പിനെ അലട്ടിയിരുന്നു. അതിനെപ്പറ്റി ഫിലിപ്പ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും വിവരമുണ്ട്. പതിയെ മെറിനോട് ഫിലിപ്പിന് അടങ്ങാത്ത അസൂയയായി. ഭാര്യ മെറിന്റെ എല്ലാ പ്രവർത്തികളിലും ഫിലിപ്പ് കുറ്റം കണ്ടുപിടിക്കാൻ തുടങ്ങി. രണ്ടുവയസുള്ള മകൾ നോറ നടക്കുന്നതിനിടെ വീണാൽ പോലും കുറ്റം മെറിന്റെ തലയിൽ ചാർത്തി അവളെ മർദിക്കുന്നത് ഫിലിപ്പിന് ഹരമായിരുന്നു. സമൂഹത്തിൽ ഭാര്യയ്ക്കാണ് തന്നേക്കാൾ വിലയെന്ന ചിന്ത അയാളുടെ ഉറക്കം കെടുത്തി.
പ്ലസ്ടു പഠനകാലത്താണ് ഫിലിപ്പ് അമേരിക്കയിലെത്തുന്നത്. സഹോദരിയാണ് ഇയാളെ അമേരിക്കയിലേക്ക് കൊണ്ടുപോയത്. പിന്നീട് അമേരിക്കയിൽ തന്നെയായിരുന്നു ഫിലിപ്പിന്റെ പഠനം. കോട്ടയം രൂപതയുടെ മാട്രിമോണി പരസ്യം കണ്ടാണ് ഇരുവരും തമ്മിലുള്ള വിവാഹമുറപ്പിച്ചത്. അമേരിക്കയിൽ വളർന്നതിനാൽ ഫിലിപ്പിന്റെ സ്വഭാവത്തെക്കുറിച്ച് നാട്ടിലെ അയൽക്കാർക്ക് പോലും വിവരമുണ്ടായിരുന്നില്ല. ഇത് തന്നെയാണ് അവസാനം മെറിന്റെ ജീവനെടുക്കുന്നതിൽ കലാശിച്ചത്.
അതേസമയം ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം
ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഫിലിപ്പിനെ പോലീസ് അറസ്റ്റ് ചെയ്തു. 17 തവണ കുത്തിയശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി ഭാര്യയുടെ ശരീരത്തുകൂടെ ഫിലിപ്പ് കാർ കയറ്റിയിറക്കുകയും ചെയ്തു.
ഇയാൾക്കെതിരെ ആസൂത്രിതമായ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജോലി കഴിഞ്ഞു തിരിച്ചുവരികയായിരുന്ന മെറീനെ ആശുപത്രിയിലെത്തിയ ഫിലിപ്പ് കാർ പാർക്ക് ചെയ്ത സ്ഥലത്ത് വെച്ച് അക്രമിക്കുകയായിരുന്നു. മെറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.