തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിനെ ലിവറ് കൊണ്ട് അടിച്ചു
കൊലപ്പെടുത്തുന്നത് നേരിട്ട് കണ്ടെന്ന് കലാഭവൻ സോബിയുടെ മരണമൊഴി. തനിക്ക് നേരെ ഉയർന്നിരിക്കുന്ന വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ മരണമൊഴിയായി വീഡിയോ റെക്കാർഡ് ചെയ്യുന്നതെന്നും സോബി പറയുന്നു. റിപ്പോർട്ടർ ടി.വിയാണ് സോബിയുടെ മരണമൊഴി പുറത്ത് വിട്ടത്. ബാലഭാസ്‌ക്കറിനെ കൊലപ്പെടുത്തിയതിന് ശേഷം വാഹനാപകടം കൃത്രിമമായി സൃഷ്ടിച്ചതാണെന്നാണ് സോബി പറയുന്നത്.
ബാലഭാസ്‌കർ സഞ്ചരിച്ച നീല ഇന്നോവ വന്നുനിൽക്കുന്നതും അതിന്റെ ഗ്ലാസ് അടിച്ചു തകർക്കുന്നതും താൻ കണ്ടുവെന്നും സംഭവസ്ഥലത്ത് മറ്റൊരു ഇന്നോവ വന്നുനിന്നുവെന്നും സോബി വീഡിയോയിൽ വ്യക്തമാക്കുന്നു. താൻ കൊല്ലപ്പെടാൻ സാധ്യതയുള്ളത് കൊണ്ടാണ്
തന്റെ അഭിഭാഷകനായ രാമൻ കർത്തയ്ക്കും ബാലഭാസ്‌കറിന്റെ കസിൻ പ്രിയ വേണുഗോപാലിനും വേണ്ടി താൻ ഈ വീഡിയോ റെക്കോർഡ് ചെയ്യുന്നതെന്നും സോബി പറയുന്നുണ്ട്. മുമ്പ് അപകടസ്ഥലത്ത് വെച്ച് സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്തിനെ കണ്ടിരുന്നു എന്ന് സോബി വെളിപ്പെടുത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ഫോട്ടോ കണ്ടപ്പോഴാണ് താൻ സരിത്തിനെ ഓർമ്മിച്ചതെന്നും സോബി പറഞ്ഞു.
പറയാൻ ബാക്കിവച്ചതാണ് പറയുന്നത്. നേരിട്ട് തെളിയിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ അതിനാകുമോ എന്നറിയില്ല. അതുകൊണ്ടാണ് സത്യസന്ധതയ്ക്ക് വേണ്ടി ഈ മരണമൊഴി റിക്കാർഡ് ചെയ്ത് എന്റെ അഭിഭാഷകനായ രാമൻ കർത്തയ്ക്കും ബാലഭസ്‌കറിന്റെ കസിൻ സിസ്റ്ററായ പ്രിയ വേണുഗോപാലിനും നൽകുന്നത്. ഇതിന്റെ വിവിധ രൂപങ്ങൾ ഞാൻ മുമ്പ് തന്നെ സിഡിയിലും പെൻഡ്രൈവിലും റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ഞാൻ മരണപ്പെടുകയോ മരണതുല്യമായ അവസ്ഥയിൽ കിടക്കുകയോ ആണെങ്കിൽ മാത്രമേ ദയവ് ചെയ്ത് ഈ വീഡിയോ രണ്ചുപേരും പുറത്തുവിടാവൂ എന്നും സോബിൻ അഭിഭാഷകനോടും പ്രിയയോടും അഭ്യർഥിക്കുന്നുണ്ട്. അല്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ അടുക്കൽ എനിക്കിത് പറയേണ്ടിവരും. എന്നാൽ അവിടംവരെ എന്നെ അവരെത്തിക്കില്ല തീർച്ചയാണ്.
എന്റെ ജീവിതം അപകടത്തിലാകും. പുറത്തു പറയാത്ത കുറച്ചു കാര്യങ്ങളുണ്ട്.
ചാലക്കുടിയിൽ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞ് തിരുന്നൽവേലിക്ക് പോയതുമായി ബന്ധപ്പെട്ടാണ് എല്ലാം മനസ്സിലാക്കിയതെന്ന് സോബി പറയുന്നു. കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര. ഇതിനിടെ ഉറക്കം വന്നപ്പോൾ ഉറങ്ങാനായി വണ്ടിയൊതുക്കി. അപ്പോഴാണ് താൻ ഈ കൊലപാകത്തിന് സാക്ഷിയായതെന്ന് സോബി പറയുന്നു.
പെട്രോൾ പമ്പിന് അടുത്ത് വണ്ടി ഒതുക്കി നിർത്തി ഉറങ്ങാൻ കിടന്നു. അപ്പോഴാണ് വണ്ടി ബ്രേക്ക് ചെയ്യുന്ന വലിയ ഒരു ശബ്ദം കേട്ടത്. നോക്കുമ്പോൾ ഒരു വെള്ള സ്‌കോർപിയോ റോഡരികിൽ വന്നുനിന്നു.
അകിനുള്ളിൽ അഞ്ചാറ് ക്വട്ടേഷൻ ടീമിൽ പെട്ട ആളുകൾ ഇറങ്ങി. കുറച്ചുകഴിഞ്ഞ് ബാലഭാസ്‌കർ സഞ്ചരിച്ചുവെന്ന് പറയപ്പെടുന്ന നീല ഇന്നോവ എത്തി. ബാലഭാസ്‌കറിന്റെ വണ്ടിയുടെ കാർ അവർ അടിച്ചുപൊട്ടിച്ചത് ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതാ. രണ്ടുസൈഡിലും ആള് നിന്ന ലിവറും കൊണ്ട് അടിച്ചാണ് അവന്റെ ഗ്ലാസ് പൊട്ടിച്ചത്. ആസമയം തിരുവനനന്തപുരത്തേക്കോ കൊല്ലത്തേക്കോ ഒരു വണ്ടിയും പോയിട്ടില്ല എന്നതായിരുന്നു അവരുടെ വിജയം. എന്നാൽ ഞാനിവിടെ കിടക്കുന്നുണ്ടെന്ന കാര്യം അവർക്കറിയില്ലായിരുന്നു. ഞാനാരാണെന്ന് അവർക്ക് മനസിലായിരുന്നെങ്കിൽ അവർ എന്നെ കൊന്നേനെ. സോബി പറയുന്നു.