ഇരുപത്തേഴാം ജന്മദിനമാഘോഷിക്കുന്നതിന്റെ തലേദിനമാണ് മെറിന്റെ ചങ്കിലേക്ക് ഭർത്താവ് ഫിലിപ്പ് പതിനേഴുതവണ കത്തി കുത്തിയിറക്കിയത്. നാളെയാണ് അമേരിക്കയിലെ ഫ്‌ളോറിഡയിൽ ഭർത്താവ് കൊലപ്പെടുത്തിയ മെറിന്റെ ഇരുപത്തേഴാം ജന്മദിനം. മകൾക്ക് പിറന്നാളാശംസ നേരാൻ കാത്തിരുന്ന മാതാപിതാക്കൾ മകളുടെ മരണവാർത്ത വിശ്വസിക്കാനായിട്ടില്ല. കേട്ടത് സത്യമാകരുതേ എന്നാണ് ഇപ്പോൾ അവരുടെ പ്രാർത്ഥന.
മെറിനോടൊപ്പം ജോലി ചെയ്തിരുന്ന സഹപ്രവർത്തകർക്കും മെറിന് സംഭവിച്ച ദുരന്തം വിശ്വസിക്കാനാകുന്നില്ല. അവർക്കെല്ലാം അത്രമേൽ പ്രിയങ്കരിയായിരുന്നു മെറിൻ.’നിലവിളി കേട്ട് ഞങ്ങൾ ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. നെവിന്റെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടാനാണ് മെറിൻ താമ്പയിലേക്കു മാറാൻ തീരുമാനിച്ചത്. നാലാം നിലയിലെ കോവിഡ് വാർഡിലായിരുന്നു മെറിന്റെ ഡ്യൂട്ടി. ഞങ്ങൾക്കിത് അവിശ്വസനീയമാണ്.
അവൾ ഒരു മാലാഖയായിരുന്നു. രണ്ട് വർഷമായി ഞങ്ങൾ ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. കുത്തിവീഴ്ത്തിയശേഷം ഞങ്ങൾ കണ്ടുകൊണ്ടുനിൽക്കുമ്പോഴാണ് അവളുടെ ശരീരത്തിലൂടെ അയാൾ കറുത്ത കാർ ഓടിച്ചുകയറ്റിയത്.’ മെറിനോടൊപ്പം ജോലി ചെയ്തിരുന്ന സുഹൃത്ത് പറയുന്നു. നാട്ടിലുള്ള സുഹൃത്തുക്കളും ജന്മദിനാശംസകൾ നേരാൻ മെറിനെ ഇന്ന് വിളിക്കാനിരിക്കുകയായിരുന്നു. അവർക്കാർക്കും മെറിന്റെ അപ്രതീക്ഷിതമരണം ഉൾക്കൊള്ളാനായിട്ടില്ല.
ഇന്നാണ് കോട്ടയം മോനിപ്പള്ളി സ്വദേശി മെറിൻ ജോയിയെ ഭർത്താവ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യു കുത്തികൊലപ്പെടുത്തിയത്. 17 തവണ കുത്തിയശേഷം മരിച്ചെന്ന് ഉറപ്പുവരുത്താൻ ഭാര്യയുടെ ശരീരത്തുകൂടെ ഫിലിപ്പ് കാർ കയറ്റിയിറക്കുകയും ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഫിലിപ്പ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ആസൂത്രിതമായ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ജോലി കഴിഞ്ഞു തിരിച്ചുവരികയായിരുന്ന മെറീനെ ആശുപത്രിയിലെത്തിയ ഫിലിപ്പ് കാർ പാർക്ക് ചെയ്ത സ്ഥലത്ത് വെച്ച് അക്രമിക്കുകയായിരുന്നു. മെറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.