ശവപ്പെട്ടി ഉണ്ടാക്കിവെച്ച ഫിലിപ്പ് മെറിന്റെ സ്വകാര്യചിത്രങ്ങളെടുത്തു, മകളെയും കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണി: മെറിന്റെ പിതാവ്

0
1560

കോട്ടയം: ഗർഭസമയത്ത് മെറിന്റെ സ്വകാര്യചിത്രങ്ങൾ ഭർത്താവ് ഫിലിപ്പ് പകർത്തിയതായും അവ കഴിഞ്ഞയിടെ മെറിന് അയച്ചുകൊടുത്തതായും മെറിന്റെ പിതാവ് ജോയി. ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. മെറിനെയും കുട്ടിയേയും കൊലപ്പെടുത്തിയ ശേഷം താൻ ആത്മഹത്യ ചെയ്യുമെന്ന് ഫിലിപ്പ് മുമ്പും ഭീഷണിപ്പെടുത്തിയിരുന്നു. ഫിലിപ്പ് ശവപ്പെട്ടി വരെ ഉണ്ടാക്കിവെച്ചിരുന്നുവെന്നും ജോയി പറയുന്നു.

ഫിലിപ്പിന് അമേരിക്കയിൽ നല്ല ജോലിയുണ്ടായിരുന്നില്ല. മകളുടെ ശമ്പളം പൂർണമായി ചെലവഴിച്ചിരുന്നത് ഫിലിപ്പാണ്. പ്രശ്‌നങ്ങൾ ഗുരുതരമായതിനാൽ വിവാഹബന്ധം വേർെപെടുത്താൻ കോടതിയെ സമീപിച്ച ശേഷമാണ് ഇത്തവണ മടങ്ങിയത്. ജോയി പറഞ്ഞു.

അതേസമയം കൊല്ലപ്പെട്ട മെറിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ മെറിന്റെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
കുറവിലങ്ങാട് സിഐ.ക്കാണ് പരാതി നൽകിയത്. ഫേസ്ബുക്കിലും വാട്സ് ആപ്പിലും മെറിനെ മോശക്കാരിയാക്കി ചിത്രീകരിക്കുന്ന ചർച്ചകളാണ്. അസഭ്യവാക്കുകളുമുണ്ട്. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മെറിന്റെ പിതാവ് പരാതി നൽകിയത്.

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഫിലിപ്പിനെ പോലീസ് അറസ്റ്റ് ചെയ്തു. 17 തവണ കുത്തിയശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി ഭാര്യയുടെ ശരീരത്തുകൂടെ ഫിലിപ്പ് കാർ കയറ്റിയിറക്കുകയും ചെയ്തു.
ഇയാൾക്കെതിരെ ആസൂത്രിതമായ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജോലി കഴിഞ്ഞു തിരിച്ചുവരികയായിരുന്ന മെറീനെ ആശുപത്രിയിലെത്തിയ ഫിലിപ്പ് കാർ പാർക്ക് ചെയ്ത സ്ഥലത്ത് വെച്ച് അക്രമിക്കുകയായിരുന്നു. മെറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.