ചെന്നൈ: സീരിയല്‍ നടനും സംവിധായകനുമായ മധുമോഹന്‍ അന്തരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത.
‘ഞാന്‍ മരിച്ചോ എന്നറിയാന്‍ എന്നെ തന്നെ ആളുകള്‍ വിളിക്കുന്നുണ്ട്. യൂട്യൂബിന്റെ പബ്ലിസിറ്റിക്കു വേണ്ടി ആരോ കൊടുത്ത വാര്‍ത്തയാണിത്. ഇതിനു പിന്നാലെ പോകാന്‍ എനിക്കു നേരമില്ല. അവര്‍ പബ്ലിസിറ്റി തേടിക്കോട്ടെ അതെനിക്കും നല്ലതാണ്, ഞാന്‍ ജീവനോടെ ഉണ്ടെന്ന് ആളുകള്‍ അറിയുമല്ലോ’- മധു മോഹന്‍ പറഞ്ഞു.
ചെന്നൈയിലാണ് മധുമോഹന്‍ താമസിക്കുന്നത്. തൊണ്ണൂറുകളിലെ മലയാളികളുടെ പ്രിയ ടെലിവിഷന്‍ താരമാണ് മധുമോഹന്‍. ജനപ്രിയ പരമ്പരകളുടെ സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലും പേരെടുത്ത അദ്ദേഹമാണ് മലയാളത്തില്‍ മെഗാ സീരിയലുകള്‍ അവതരിപ്പിച്ചു വിജയിപ്പിച്ചത്. ദൂരദര്‍ശനു വേണ്ടി ടെലിഫിലിമുകളും പരമ്പരകളും നിര്‍മിക്കുകയും അതില്‍ നായകനാകുകയും ചെയ്തു.
‘വൈശാഖ സന്ധ്യ’കളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ദൂരദര്‍ശനതില്‍ സംപ്രേഷണം ചെയ്ത മാനസി എന്ന സീരിയലാണ് മധുമോഹനെ മിനിസ്‌ക്രീനില്‍ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത്. മലയാളത്തിലെ ആദ്യകാല മെഗാസീരിയലുകളില്‍ ഒന്നാണ് മാനസി. പിന്നീട് ജ്വാലയായ് ഉള്‍പ്പെടെയുള്ള സീരിയലുകളുമായി മിനിസ്‌ക്രീനില്‍ നിറഞ്ഞുനിന്നു. അഭിനയത്തിനൊപ്പം തന്നെ നിര്‍മാണം, തിരക്കഥ, സംഭാഷണം, സംവിധാനം തുടങ്ങിയ മേഖലകളിലും പ്രതിഭ തെളിയിച്ചു. മഴയെത്തും മുന്‍പെ, ജ്വലനം തുടങ്ങിയ സിനിമകളിലും വേഷമിട്ടു,