അമ്പരിപ്പിക്കുന്ന സാമ്യം,’ഗർസെ നികൽ തെ’ പാടിയത് പൈലറ്റ് ദീപക്കല്ല, വൈസ്അഡ്മിറൽ ഗിരിഷ് ലൂത്ര

0
1852

കഴിഞ്ഞദിവസം കരിപ്പൂർ എയർ ഇന്ത്യ വിമാനാപകടത്തിൽ കൊല്ലപ്പെട്ട പൈലറ്റ് ദീപക് വസന്ത് സാഠ പാടുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്റ്റേജ് ഷോയുടെ വീഡിയോ അദ്ദേഹത്തിന്റെ അല്ല.

ഇന്ത്യൻ നാവിക സേനയിൽ നിന്ന് വൈസ് അഡ്മിറൽ ആയി വിരമിച്ച ഗിരീഷ് ലുത്രയാണ് ‘ഗർ സെ നികൽ തെ’ എന്ന ഗാനം വീഡിയോയിൽ ആലപിക്കുന്നത്. മികച്ച ഗായകനായ അദ്ദേഹം നാവിക സേനയുടെ ഗോൾഡൻ ജൂബിലി വേളയിലാണ് ഈ ഗാനം സ്റ്റേജിൽ പാടുന്നത്. സ്വന്തമായി ഗിരീഷ് ലുത്ര എന്ന പേരിൽ യു ട്യൂബ് ചാനലുള്ള അദ്ദേഹം പ്രശസ്തമായ 2 ഹിന്ദി ഗാനം കൂടി തന്റെ ചാനലിൽ പാടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് അനൗൺസ് ചെയ്യുന്നത് നീക്കിയുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കരിപ്പൂർ വിമാന അപകടത്തിൽ മരിച്ച എയർ ഇന്ത്യ എക്സ്പ്രസിന്റെ പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേ ഇന്ത്യയിലെ ഏറ്റവും മികച്ച പൈലറ്റുമാരിലൊരാളായിരുന്നു. യുദ്ധ വിമാനങ്ങളുൾപ്പടെ പറത്തിയിട്ടുള്ള അദ്ദേഹത്തിന് മുപ്പതുവർഷത്തിലേറെയുള്ള പ്രവൃത്തിപരിചയമുണ്ടായിരുന്നു. അധികം മറ്റ് പൈലറ്റുമാർ പറത്താത്ത എയർ ബസ് 310 പോലുള്ള വൈഡ് ബോഡി വിമാനങ്ങളും പറത്തുന്നതിൽ അദ്ദേഹം വിദഗ്ദനായിരുന്നു.

ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റായി ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം എയർ ഇന്ത്യ എക്സ്പ്രസിൽ പാസഞ്ചർ എയർക്രാഫ്റ്റ് പൈലറ്റായി ജോലിക്ക് ചേർന്നത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ ടെസ്റ്റ് പൈലറ്റ് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ത്യൻ വ്യോമസേനയുടെ അമ്പത്തിയെട്ടാം ബാച്ചംഗമായ സാത്തേ ‘സ്വോർഡ് ഓഫ് ഓണറോ’ടെയാണ് ടോപ്പറായി കോംബാറ്റ് എയർ പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. തുടർന്ന് 1981 -ൽ ഇന്ത്യൻ വ്യോമസേനയിൽ കമ്മീഷൻ ചെയ്തു.