കൊച്ചി: വണ്ടിചെക്ക് നൽകി പറ്റിച്ചതിന് നടൻ റിസബാവയ്ക്ക് അറസ്റ്റ് വാറന്റ്. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിസബാവയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മകളുടെ ഭാവി അമ്മായിയപ്പനും എളമക്കര സ്വദേശിയുമായ എം.സാദിഖിന് വണ്ടിചെക്ക് നൽകി പറ്റിക്കുകയും കളളയൊപ്പിടുകയും ചെയ്ത കേസിലാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
2014 ൽ സാദിഖിൽ നിന്നും വായ്പയായി വാങ്ങിയ 11 ലക്ഷം തിരിച്ചുനൽകാതെ വണ്ടിച്ചെക്ക് നൽകിയ കേസിലാണ് നടപടി. തുക നൽകാനും കോടതിയിൽ കീഴടങ്ങാനും തയ്യാറാകാത്തതിനെ തുടർന്നാണ് കോടതി റിസബാവയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
11 ലക്ഷം രൂപ വാങ്ങിയ ശേഷം വണ്ടിച്ചെക്കു നൽകി പറ്റിച്ച സംഭവത്തിൽ 2018 ഒക്ടോബറിൽ റിസബാവയെ എറണാകുളം നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് കോടതി മൂന്ന് മാസം തടവിനും 11 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. എന്നാൽ, കീഴ്‌ക്കോടതി വിധിയെ ചോദ്യം ചെയ്ത് റിസബാവ സമർപ്പിച്ച അപ്പീലിൽഎറണാകുളം അഡീഷണൽ ജില്ലാ കോടതി തടവുശിക്ഷ ഒരു മാസമാക്കി കുറച്ചു.
എന്നാൽ, പണം അടയ്ക്കാനും കോടതിയിൽ കീഴടങ്ങാനും തയ്യാറാകാത്തതിനെ തുടർന്നാണ് റിസബാവയ്‌ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മൂന്നു വർഷം നീണ്ട വാദത്തിനും ഫോറൻസിക് പരിശോധനയ്ക്കും ശേഷമാണ് റിസബാവ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.