ഐസ്‌ക്രീമിൽ എലിവിഷം കലർത്തി പതിനാറുകാരിയെ കൊലപ്പെടുത്തിയ സഹോദരൻ മുമ്പും കുടുംബത്തെ വകവരുത്താൻ കോഴിക്കറിയിൽ വിഷം ചേർത്തിരുന്നുവെന്ന് വിവരം. ബളാൽ അരിയങ്കല്ലിലെ ആൻമേരിയെ (16) സഹോദരൻ സഹോദരൻ ആൽബിൻ ബെന്നി (22) കൊലപ്പെടുത്തിയത്. പിതാവ് ബെന്നിയും മാതാവ് ബെസിയും അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
മദ്യവും കഞ്ചാവും സ്ഥിരമായി ഉപയോഗിക്കുന്ന ആൽബിന് ഒരു ദളിത് യുവതിയുമായി ബന്ധമുണ്ടായിരുന്നു. കൂടാതെ ഇയാൾ അശ്ലീല വീഡിയോ കാണുന്നതും പതിവായിരുന്നു. ഈ വിവരം സഹോദരി ആന്മേരിക്ക് അറിയാമായിരുന്നു. ആന്മേരിയോടും ആൽബിൻ മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിവരം. ആന്മേരി ഇക്കാര്യങ്ങൾ മാതാപിതാക്കളോട് പറയുമോയെന്ന സംശയം തോന്നിയതിനെ തുടർന്ന് ആൻമേരിക്കൊപ്പം കുടുംബത്തെ മുഴുവൻ ആൽബിൻ ഐസ്‌ക്രീമിൽ വിഷം ചേർത്തത്. കൂടാതെ മാതാപിതാക്കളും സഹോദരിയും ഇല്ലാതായാൽ നാലര ഏക്കർ കൃഷിയിടവും പന്നിഫാമും തന്റെ കൈവശം വന്നുചേരുമെന്നും പ്രതി കണക്കുകൂട്ടി. ആ തുക കൊണ്ട് അടിച്ചുപൊളിച്ച് ജീവിക്കാനായിരുന്നു ആൽബിന്റെ പദ്ധതി.
ആദ്യം കുറച്ച് എലിവിഷം കോഴിക്കറിയിൽ കലർത്തി. എന്നാൽ അളവ് കുറവായതിനാൽ അത് സാരമായി കുടുംബാംഗങ്ങളെയും സഹോദരിയേയും ബാധിച്ചില്ല.തുടർന്ന് സഹോദരിക്കൊപ്പം ജൂലായ് 30-ന് ഐസ്‌ക്രീം ഉണ്ടാക്കുകയും തണുപ്പിക്കാൻ രണ്ടു പാത്രങ്ങളിലായി റഫ്രിജറേറ്ററിൽ വെക്കുകയും ചെയ്തു. പിറ്റേദിവസം നാലുപേരും ഒരു പാത്രത്തിലെ ഐസ്‌ക്രീം കഴിച്ചു. ഈ സമയത്ത് ആൽബിൻ താൻ വാങ്ങിയ പുതിയ എലവിഷത്തിന്റെ പകുതിയോളം രണ്ടാമത്തെ പാത്രത്തിലുള്ള ഐസ്‌ക്രീമിൽ കലർത്തി. അറിയാതെ ബെന്നിയും ആൻമേരിയും ഇത് കഴിച്ചു. മാതാവ് ബെസി കുറച്ചുമാത്രം കഴിച്ചതിനാലാണ് രക്ഷപ്പെട്ടത്.
ഐസ്‌ക്രീം കഴിച്ചതുമുതൽ ആന്മേരിക്ക് ഛർദ്ദിയും വയറിളക്കവും തുടങ്ങി. എന്നാൽ, അത് ഐസ്‌ക്രീം കഴിച്ചതുകൊണ്ടാണെന്ന് മാതാപിതാക്കൾക്ക് മനസിലായില്ല. സാധാരണ ഉണ്ടാകുന്നതുപോലെയുള്ള വയറിന് അസുഖമാണെന്ന് കരുതി രണ്ടുദിവസം കുട്ടിക്ക് കട്ടൻചായയിൽ ചെറുനാരാങ്ങാനീര് കലർത്തി നൽകി. കുട്ടി അവശനിലയിലായപ്പോഴാണ് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ പിതാവ് ബെന്നിക്കും വിഷം ബാധിച്ചതിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി.
ചികിത്സയ്ക്കിടെ മഞ്ഞപ്പിത്തം ബാധിച്ച ആൻമേരി ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചോടെ മരിച്ചു.ഓഗസ്റ്റ് ആറിന് ഗുരുതരാവസ്ഥയിലായ ബെന്നിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കോഴിക്കോട് മിംസിലേക്ക് മാറ്റുകയും ചെയ്തു. കിഡ്നിയുടെ പ്രവർത്തനം നിലച്ച ബെന്നിയുടെ നില ഗുരുതരമായി തുടരുകയാണ്. മാതാവ് ബെസിയും അവശനിലയിൽ ആശുപത്രിയിലാണ്.
ഐസ്‌ക്രീം കഴിച്ച തനിക്കും ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടെന്ന് ബോധ്യപ്പെടുത്താൻ ആൽബിൻ ചികിത്സ തേടിയിരുന്നു. എന്നാൽ, ആൽബിന് വിഷം അകത്തു ചെന്നതിന്റെ ലക്ഷണങ്ങളില്ലെന്ന ഡോക്ടർമാരുടെ വെളിപ്പെടുത്തലാണ് കേസിൽ നിർണ്ണായകമായത്. തുടർന്ന് പോലീസ് സംശയം തോന്നി ആൽബിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.