കാസർകോട്: ബളാലിൽ അരിയങ്കല്ലിലെ ആൻമേരിയെ (16) ഐസ്‌ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തുകയും മാതാപിതാക്കളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സഹോദരൻ ആൽബിൻ ലൈംഗീക വൈകൃതമുള്ള വ്യക്തിയായിരുന്നുവെന്ന് പ്രദേശവാസികൾ.
അമ്മയെ കയറിപിടിക്കാൻ ശ്രമിച്ചതായും അടുത്തബന്ധുവിനോട് രതിവൈകൃതം കാട്ടിയതായും പ്രദേശവാസികൾ വ്യക്തമാക്കി. കൂടാതെ സ്ഥിരമായി ഫോണിൽ അശ്ലീല വീഡോയോ കാണുന്ന കാര്യം സൗഹൃദമുള്ള അയൽക്കാരിയോട് പറയുകയും ചെയ്തിരുന്നു. ആൽബിനെ കൗൺസിലിങ്ങിന് വിധേയനാക്കണമെന്ന് അവർ മാതാപിതാക്കളോട് പറഞ്ഞിരുന്നുവെന്നും വിവരമുണ്ട്. അതിനിടയിലാണ് സംഭവം.
ഇത്തരം മോശം സ്വഭാവം മൂലം ആൽബിനെ അയൽവീട്ടുകാർ അടുപ്പിച്ചിരുന്നില്ല. പൊതുവെ അന്തർമുഖനായ ആൽബിൻ നാട്ടിലാരോടും സംസാരിച്ചിരുന്നില്ല. പ്ലസ്ടുവിന് ശേഷം വെള്ളരിക്കുണ്ടിലെ ഒരു ബേക്കറിയിൽ ആദ്യം ജോലി ചെയ്തു. ഇതിനിടയിൽ ഐ.ടി.കോഴ്സ് പൂർത്തിയാക്കിയ ആൽബിൻ തമിഴ്‌നാട്ടിൽ ജോലി ലഭിച്ചുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയി. എന്നാൽ കോട്ടയത്തെ തറവാട് എന്ന ഹോട്ടലിൽ ആണ് ആൽബിൻ ജോലി ചെയ്തിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ആൽബിൻ നാട്ടിലെത്തിയത്. കൂടുതൽ സമയവും ഇയാൾ മൊബൈൽ ഫോണിലാണെന്നും അയൽവാസികൾ പറയുന്നു.
സഹോദരി ആൻമരിയ മരിച്ചത് കുടുംബം കൂട്ടആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നുവെന്ന് വരുത്തിത്തീർക്കലായിരുന്നു ആൽബിന്റെ ഉദ്ദേശ്യം. ശാസ്ത്രീയമായ ചോദ്യം ചെയ്യലിലാണ് താനാണ് കൃത്യം ചെയ്തതെന്ന് ഇയാൾ സമ്മതിച്ചത്. കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ ആദ്യം ചിക്കൻ കറിയിൽ വിഷം ചേർത്തെങ്കിലും അളവ് കുറവായതിനാൽ ആർക്കും ഒന്നും സംഭവിച്ചില്ല. തുടർന്നാണ് ഇന്റർനെറ്റിലൂടെ ഐസ്‌ക്രീമിൽ വിഷം ചേർക്കാമെന്ന് മനസിലാക്കിയത്.
വീട്ടിലുണ്ടാക്കിയ വലിയ പാത്രത്തിലെ ഐസ്‌ക്രീമാണ് ആദ്യദിവസം തണുപ്പിച്ചതിന് ശേഷം എല്ലാവരും കഴിച്ചത്. മാറ്റിവെച്ചിരുന്ന ചെറിയ പാത്രത്തിലെ ഐസ്‌ക്രീമിലാണ് ആൽബിൻ കഴിഞ്ഞമാസം അവസാനം വെള്ളരിക്കുണ്ട് ടൗണിലെ കടയിൽ നിന്ന് വാങ്ങിയ എലിവിഷം കലർത്തിയത്. പാക്കറ്റിലെ എലിവിഷവും ചെറിയ പാത്രത്തിൽ കലർത്തി. ഈസമയം മാതാപിതാക്കളും സഹോദരിയും വീട്ടിലില്ലായിരുന്നു. ഇതൊന്നുമറിയാതെ ആൻമേരി ചെറിയ പാത്രത്തിലെ ഐസ്‌ക്രീം തണുപ്പിക്കാൻ ഫ്രീസറിലേക്ക് മാറ്റുകയും താൻ കഴിച്ചതിനൊപ്പം പിതാവ് ബെന്നിക്ക് വിളമ്പിക്കൊടുക്കുകയും ചെയ്തു. തുടർന്ന് രണ്ടുപാത്രങ്ങളിലെ ഐസ്‌ക്രീം ആൻമേരി ഒറ്റപാത്രത്തിലാക്കി. ഇതാണ് അമ്മ ബെസി കഴിച്ചത്. പ്രമേഹമുള്ളതിനാൽ വളരെകുറച്ച് ഐസ്‌ക്രീം മാത്രമാണ് ബെസി കഴിച്ചത്, ഇതാണ് ബെസിയുടെ ജീവൻ രക്ഷിച്ചതും.
മാതാപിതാക്കൾ ഐസ്‌ക്രീം കഴിക്കാൻ ആൽബിനോട് ആവശ്യപ്പെട്ടെങ്കിലും തൊണ്ടക്ക് വേദനയാണെന്ന് പറഞ്ഞ ആൽബിൻ ഐസ്‌ക്രീം കഴിച്ചില്ല. മിച്ചം വന്ന ഐസ്‌ക്രീം വളർത്തു നായക്ക് കൊടുക്കാൻ ബെന്നി പറഞ്ഞെങ്കിലും വളർത്തുനായ ചത്താൽ സംശയം തോന്നാനിടയുള്ളതുകൊണ്ട് ആൽബിൻ കൊടുത്തില്ല.
ഐസ്‌ക്രീം കഴിച്ചതുമുതൽ ആന്മേരിക്ക് ഛർദ്ദിയും വയറിളക്കവും തുടങ്ങി. എന്നാൽ, അത് ഐസ്‌ക്രീം കഴിച്ചതുകൊണ്ടാണെന്ന് മാതാപിതാക്കൾക്ക് മനസിലായില്ല. സാധാരണ ഉണ്ടാകുന്നതുപോലെയുള്ള വയറിന് അസുഖമാണെന്ന് കരുതി രണ്ടുദിവസം കുട്ടിക്ക് കട്ടൻചായയിൽ ചെറുനാരാങ്ങാനീര് കലർത്തി നൽകി. കുട്ടി അവശനിലയിലായപ്പോഴാണ് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ പിതാവ് ബെന്നിക്കും വിഷം ബാധിച്ചതിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി.
ചികിത്സയ്ക്കിടെ മഞ്ഞപ്പിത്തം ബാധിച്ച ആൻമേരി ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചോടെ മരിച്ചു.ഓഗസ്റ്റ് ആറിന് ഗുരുതരാവസ്ഥയിലായ ബെന്നിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കോഴിക്കോട് മിംസിലേക്ക് മാറ്റുകയും ചെയ്തു. കിഡ്‌നിയുടെ പ്രവർത്തനം നിലച്ച ബെന്നിയുടെ നില ഗുരുതരമായി തുടരുകയാണ്. ആരോഗ്യനില മെച്ചപ്പെട്ട ബെസി വീട്ടിലെത്തി.
ഐസ്‌ക്രീം കഴിച്ച തനിക്കും ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടെന്ന് ബോധ്യപ്പെടുത്താൻ ആൽബിൻ ചികിത്സ തേടിയിരുന്നു. സഹോദരിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തതും മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ ആശുപത്രിയിൽ ഓടി നടന്നതും ആൽബിനാണ്.
എന്നാൽ, ആൽബിന് വിഷം അകത്തു ചെന്നതിന്റെ ലക്ഷണങ്ങളില്ലെന്ന ഡോക്ടർമാരുടെ വെളിപ്പെടുത്തലാണ് കേസിൽ നിർണ്ണായകമായത്. തുടർന്ന് പോലീസ് സംശയം തോന്നി ആൽബിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.