കരിപ്പൂർ വിമാനാപകടം; ക്യാപ്റ്റൻ സാഠേയ്ക്ക് അന്ത്യാഞ്ജലി, വിങ്ങിപ്പൊട്ടി ഭാര്യയും മകനും സഹപ്രവർത്തകരും

0
679

മുംബൈ: കരിപ്പൂരിൽ എയർഇന്ത്യ വിമാനാപകടത്തിൽ മരിച്ച പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠെയ്ക്ക് സഹപ്രവർത്തകരുടെയും ബന്ധുക്കളുടെയും അന്ത്യാഞ്ജലി. ഇന്ന് ഉച്ചയ്ക്ക് രണ്ടേ നാൽപ്പതോടെ മുംബൈ വിമാനത്താവളത്തിൽ എത്തിച്ച സാഠേയുടെ മൃതദേഹം മൂന്നേകാലോടെ വിമാനത്താവള പരിസരത്തുള്ള എയർ ഇന്ത്യ ഓഫിസിൽ പൊതുദർശനത്തിന് വച്ചു.

സാഠെയുടെ ഭാര്യയും മകനും മറ്റു ബന്ധുക്കളും സുഹൃത്തുക്കളും എയർ ഇന്ത്യ ഓഫിസിലെത്തിയിരുന്നു. യുഎസിൽ നിന്ന് ഒരു മകൻ വരാനുള്ളതിനാൽ സംസ്‌കാരം ചൊവ്വാഴ്ച നടത്തും. വിങ്ങിപൊട്ടിയാണ് സാഠേയുടെ ഭാര്യയും മകനും മറ്റ് ബന്ധുക്കളും സാഠേയെ കാണാനെത്തിയത്.

വെള്ളിയാഴ്ച രാത്രി 7.41ന് നാണ് കേരളത്തെ കണ്ണീർക്കടലിലാഴ്ത്തിയ ദുരന്തമുണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വിമാനം റൺവേയിൽനിന്നു 35 അടി താഴ്ചയിലേക്കു പതിക്കുകയായിരുന്നു. ക്യാപ്റ്റൻ പൈലറ്റ് ഡി.വി. സാഠെയും സഹപൈലറ്റ് അഖിലേഷ് കുമാറും അടക്കം 18 പേർ അപകടത്തിൽ മരിച്ചു. ആറ് ജീവനക്കാരുൾപ്പടെ 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.