ഉരുൾപൊട്ടലിൽ ഒന്നരഏക്കർ ഏലത്തോട്ടം ഒലിച്ചുപോയ കർഷകൻ ഹൃദയസ്തംഭനം മൂലം മരിച്ചു

0
751

വണ്ടിപ്പെരിയാർ: ഉരുൾപൊട്ടലിൽ ഒന്നര ഏക്കർ ഏലത്തോട്ടം ഒലിച്ചുപോയ കർഷകൻ ഹൃദയസ്തംഭനം മൂലം മരിച്ചു. തേങ്ങാക്കൽ എസ്റ്റേറ്റിലെ ഫാക്ടറി ഓഫിസറായി ജോലി ചെയ്തിരുന്ന എസ്എൻവി വീട്ടിൽ സി. ജയ്മോൻ (55) ആണ് മരിച്ചത്. വിളഞ്ഞുനിന്നിരുന്ന ഏലത്തോട്ടം നശിച്ചതിന് നഷ്ടപരിഹാരം കിട്ടില്ലെന്ന് അധികൃതർ പറഞ്ഞത് ജയ്‌മോനെ മാനസിക സമ്മർദത്തിലാക്കിയിരുന്നു. തുടർന്നുണ്ടായ ഹൃദയാഘാതത്തിലാണ് ജയ്‌മോൻ മരിച്ചത്. കഴിഞ്ഞദിവസമുണ്ടായ ഉരുൾപൊട്ടലിൽ ജയ്മോന്റെ കോഴിക്കാനം 26 പുതുവലിലെ വിളവെടുക്കാൻ പാകമായിരുന്ന ഏലത്തോട്ടം പൂർണമായും നശിച്ചിരുന്നു.

നാശനഷ്ടം കണക്കാക്കി നൽകണമെന്ന അപേക്ഷയുമായി ജയ്‌മോൻ തിങ്കളാഴ്ച ഏലപ്പാറ വില്ലേജ് ഓഫിസിലെത്തിയിരുന്നു. എന്നാൽ അപേക്ഷ സ്വീകരിക്കാനാകില്ലെന്ന് വില്ലേജ് അധികൃതർ പറഞ്ഞതായി ജയ്‌മോന്റെ സുഹൃത്തുക്കൾ പറയുന്നു. ഇതോടെ ജയ്‌മോൻ കടുത്ത മാനസിക സമ്മർദത്തിലായി. എന്നാൽ കൃഷി നശിച്ചു എന്ന പരാതിയുമായി ജയ്‌മോൻ നേരിട്ട് തന്നെ സമീപിച്ചിട്ടില്ലെന്നും അപേക്ഷ സ്വീകരിക്കില്ലെന്ന് മറ്റ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ലെന്നും ഏലപ്പാറ വില്ലേജ് ഓഫിസർ പി.എൻ.ബീനാമ്മ പറഞ്ഞു.

ഇന്നലെ അതിരാവിലെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് ജയ്‌മോനെ അതിവേഗം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.മുമ്പേ ഹൃദയസംബന്ധമായ അസുഖത്തിന് മരുന്ന് കഴിക്കുന്നയാളായിരുന്നു ജയ്‌മോൻ.

പാമ്പനാർ എസ്എൻ സ്‌കൂൾ ട്രഷറർ, വണ്ടിപ്പെരിയാർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി (പ്രിൻസിപ്പൽ, എസ്എൻ സ്‌കൂൾ, പാമ്പനാർ). മക്കൾ: അർജുൻ ജയ് (അബുദാബി), ആദർശ് ജയ്.