ഫിലിം പ്രൊഡ്യൂസറെ കൊലപ്പെടുത്തി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വിരുഗമ്പാക്കത്താണ് സംഭവം. സിനിമാ നിര്‍മാതാവും വ്യവസായിയുമായ ഭാസ്‌കരന്‍ (65) നാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിരുഗമ്പാക്കം സ്വദേശി ഗണേശനെ (50) ആണു പൊലീസ് അറസ്റ്റു ചെയ്തത്. ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചുനല്‍കിയിരുന്ന ആളാണ് അറസ്റ്റിലായതെന്ന് വിരുഗമ്പാക്കം പോലീസ് അറിയിച്ചു.
കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകി കറുത്ത കവറില്‍ പൊതിഞ്ഞ നിലയില്‍ ഭാസ്‌കരന്റെ മൃതദേഹം പൊലീസ് ശനിയാഴ്ച കണ്ടെത്തിയിരുന്നു. കൊലപാതകത്തിനു ശേഷം വീടുപൂട്ടി മുങ്ങിയ ഗണേശനെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
പെണ്‍വാണിഭസംഘത്തിലെ കണ്ണിയായ ഗണേശന്‍ രണ്ടുവര്‍ഷമായി ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചുകൊടുത്തിരുന്നു. വെള്ളിയാഴ്ച രാത്രി ഗണേശന്റെ വീട്ടില്‍വെച്ച് ഏതോ സ്ത്രീയെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. മദ്യലഹരിയിലായിരുന്ന ഭാസ്‌കരനെ ഗണേശന്‍ തലയ്ക്കടിച്ചുകൊന്നശേഷം മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കൂവം നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളെ ചോദ്യംചെയ്തുവരുകയാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ഭാസ്‌കരന്റെ എ.ടി.എം. കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ച സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളുമാണ് അന്വേഷണം ഗണേശനിലേക്കു നയിച്ചത്.