അല്‍ഫാം കഴിച്ച് നഴ്‌സ് മരിച്ച സംഭവം, കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കുടുംബം

0
41
Reshmi, the nurse who died of food poisoning after consuming Alfahm.

അല്‍ഫാം കഴിച്ചതിനെ തുടന്നുണ്ടായ ഭക്ഷ്യവിഷബാധ നഴ്‌സ് രശ്മി മരിച്ച സംഭവത്തില്‍ കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കുടുംബം.

ഇനി ആര്‍ക്കും ഈ ഗതിക്കേട് ഉണ്ടാവരുതെന്ന് രശ്മിയുടെ പിതാവ് ചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലില്‍ നിന്ന് 29ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് രശ്മി രാജ് (33) കഴിഞ്ഞദിവസം മരിച്ചത്. മെഡിക്കല്‍ കോളജ് നഴ്സിങ് ഹോസ്റ്റലിലേക്ക് ഓണ്‍ലൈനായി വരുത്തിയാണ് ഭക്ഷണം കഴിച്ചത്. അല്‍ഫാം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടര്‍ന്ന് വയറിളക്കവും അനുഭവപ്പെട്ടു. മൂന്നു ദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

‘രശ്മിയുടെ ചെലവിലാണ് കഴിയുന്നത്. മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന രശ്മി ഹോസ്റ്റലില്‍ താമസിക്കുകയാണ്. പുറത്ത് നിന്ന് ഭക്ഷണം വാങ്ങി കഴിച്ചു. എവിടെ നിന്നാണ് എന്ന് അറിയില്ല. വെളുപ്പാന്‍ കാലത്ത് ഛര്‍ദ്ദി ഉണ്ടായി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അമ്മ പോയി. ഉടന്‍ തന്നെ ആശുപത്രിയില്‍ അഡ്മിറ്റാക്കി.തൈറോയിഡിന്റെ പ്രശ്‌നം ഉണ്ടെന്നതൊഴിച്ചാല്‍ മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.കുറ്റം ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. ഇനി ആര്‍ക്കും ഈ ഗതിക്കേട് ഉണ്ടാവരുത്’- ചന്ദ്രന്‍ പറഞ്ഞു.