തിരുവനന്തപുരം: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നഗരൂരില്‍ പുല്ലുതോട്ടം സ്വദേശി ഗിരിജ സത്യനാണ് (65) ഗുരുതരമായി പൊള്ളലേറ്റത്. ബുധനാഴ്ച രാവിലെ 10.30 യോടെയായിരുന്നു സംഭവം.
വീടിനു പുറത്തായിരുന്ന ഗിരിജ, ഗ്യാസ് ലീക്ക് ചെയ്യുന്ന ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അകത്ത് കടന്നപ്പോള്‍ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു.
ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍, ദേഹമാസകലം പൊള്ളലേറ്റ നിലയിലാണ് ഗിരിജയെ കാണുന്നത്. ഇവരെ നിലവില്‍ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 50 ശതമാനത്തോളം പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്.
അഗ്‌നിരക്ഷാ സേനയെത്തിയാണ് വീടിനകത്തെ തീയണച്ചത്. അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ക്ക് കേടുപാടുകളോ, ഗ്യാസ് ലീക്കാകുകയോ ചെയ്തതിന്റെ ലക്ഷണങ്ങളില്ലെന്നും അഗ്‌നി രക്ഷാസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വീട്ടിലെ ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. ഫ്രിഡജിന്റെ കമ്പ്രസര്‍ യൂണിറ്റ് പൊട്ടിത്തെറിച്ചതാകാം അപകടമുണ്ടായതെന്നാണ് പ്രഥമിക നിഗമനം.