ചെന്നൈ: മൂന്നുപേരെ കൊലപ്പെടുത്തി തലവെട്ടിമാറ്റി റെയിൽവേ പാളത്തിൽ പ്രദർശിപ്പിച്ച ഗുണ്ടാനേതാവിനെ കുത്തിക്കൊലപ്പെടുത്തി തലവെട്ടിമാറ്റി അതേ സ്ഥലത്ത് പ്രദർശിപ്പിച്ചു. തമിഴ്‌നാട്ടിലെ തിരുവെള്ളൂരിലെ ഗിമഡി പൂണ്ടിയിലാണ് സംഭവം. ഈയിടെ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവ് മാധവനെയാണ് എതിരാളികൾ കൊലപ്പെടുത്തി തലയറുത്തത്.
കഴിഞ്ഞ ജനുവരിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ശത്രുതയെ തുടർന്ന് ഒരു കോളജ് വിദ്യാർഥിയുൾപ്പടെ മൂന്ന് പേരെ മാധവൻ ഉൾപ്പെടുന്ന ഗുണ്ടാസംഘം വെട്ടികൊലപ്പെടുത്തിയിരുന്നു. തുടർന്ന് മറ്റുള്ളവർക്കുള്ള താക്കീതെന്ന രീതിയിൽ ഗുണ്ടാ സംഘം മൂന്ന് പേരുടെയും തലയറുത്തെടുത്തു ന്യൂ ഗിമടിപൂണ്ടി റെയിൽവേ സ്റ്റേഷന് സമീപം പാളത്തിൽ പ്രദർശിപ്പിച്ചു. ഈ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് ഇതേ നാണയത്തിൽ മാധവനോട് എതിരാളി സംഘം പ്രതികാരം ചെയ്തത്.
ലോക്ഡൗണിന് മുമ്പ് ജാമ്യത്തിലിറങ്ങിയ മാധവന്റെ തലയില്ലാത്ത ജഢം ഇന്നലെ രാവിലെയാണ് റെയിൽവേ സ്റ്റേഷന് സമീപത്തെ യൂക്കാലിപ്സ്റ്റ് തോട്ടത്തിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ റെയിൽവേ പാളത്തിൽ നിന്നും തല കണ്ടെത്തുകയായിരുന്നു.
മുമ്പ് മൂന്നുപേരുടെ ശിരസ് പ്രദർശിപ്പിച്ച രീതിയിൽ തന്നെയാണ് മാധവന്റെ ശിരസും പ്രദർശിപ്പിച്ചിരുന്നത്. കൊലപാതകം തട്ടികൊണ്ടുപോകൽ, തുടങ്ങി പത്തിലേറെ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് തിരുവെള്ളൂർ എസ്പി അറിയിച്ചു.