താനൂര്‍: ചായയ്ക്ക് മധുരം കുറവാണെന്നാരോപിച്ച് ഹോട്ടലുടമയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. മലപ്പുറം താനൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വാഴക്കാത്തെരുവ് അങ്ങാടിയിലെ ടിഎ റസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. പ്രതിയായ തങ്ങള്‍ കുഞ്ഞിമാക്കാനകത്ത് സുബൈറിനെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാരകമായി മുറിവേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചായ കുടിക്കാന്‍ ഹോട്ടലില്‍ എത്തിയ സുബൈര്‍ ചായയ്ക്ക് മധുരം പോര എന്ന് പറഞ്ഞ് ആദ്യം ബഹളമുണ്ടാക്കി. പിന്നീട് ഹോട്ടലില്‍ നിന്നും പോയ ഇയാള്‍ ശേഷം കത്തിയുമായെത്തി ഹോട്ടലുടമയായ മനാഫിനെ കുത്തുകയായിരുന്നു. മനാഫിന്റെ വയറിനാണ് ഗുരുതരമായി കുത്തേറ്റത്. ഉടന്‍തന്നെ മനാഫിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലും അവിടെ നിന്നും മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും ശേഷം ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.