നടി വെടിയേറ്റ് മരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

0
50

റാഞ്ചി: നടി മകളുടെ മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ജാര്‍ഖണ്ഡ് നടി ഇഷ ആല്യ (റിയ കുമാരി) ആണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച പുലര്‍ച്ചെ റാഞ്ചിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് സഞ്ചരിക്കുകയായിരുന്ന നടിയെ ഹൗറ ഹൈവേയില്‍ വെച്ച് മോഷ്ടാക്കള്‍ വെടിവെച്ചുകൊന്നുവെന്നായിരുന്നു വിവരം. ഭര്‍ത്താവ് പ്രകാശ് കുമാറിന്റെയും മൂന്ന് വയസുമാത്രം പ്രായമായ കുഞ്ഞിന്റെയും മുന്നില്‍വെച്ചായിരുന്നു ആക്രമണമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഭര്‍ത്താവ് പ്രകാശ് കുമാറും സഹോദരനും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നടിയുടെ കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഇഷയുടെ ബന്ധുക്കള്‍ ഹൗറയിലെത്തി പൊലീസില്‍ പരാതി നല്‍കിയത്. പ്രകാശ് കുമാറിന്റെ രണ്ടാം ഭാര്യയാണ് ഇഷ ആല്യ. ആദ്യ ഭാര്യക്കെതിരെയും പരാതിയില്‍ നടിയുടെ കുടുംബം ആരോപണം ഉന്നയിക്കുന്നു.

വെടിയുണ്ടയുടെ ഷെല്ലുകള്‍ വാഹനത്തിനുള്ളില്‍ നിന്നുതന്നെ കണ്ടെത്തിയതോടെ കൊലപാതകത്തില്‍ പൊലീസിന്റെ സംശയമുന പ്രകാശ് കുമാറിലേക്ക് നീണ്ടിരുന്നു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നടിക്ക് വെടിയേറ്റത് പോയിന്റെ ബ്ലാങ്കില്‍ നിന്നാണെന്നു കണ്ടെത്തിയിരുന്നു.