കുവൈത്തില്‍ നാല് വര്‍ഷത്തിനിടെ 406 പേര്‍ ജീവനൊടുക്കി, കൂടുതലും പ്രവാസികള്‍

0
41

കുവൈത്ത് സിറ്റി: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കുവൈത്തില്‍ 406 പേര്‍ ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഹ്യൂമണ്‍ റൈറ്റ്‌സ് ഓഫീസാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

2018 മുതല്‍ 2021 വരെയുള്ള കണക്കുകളാണ് കുവൈത്ത് ഹ്യൂമണ്‍ റൈറ്റ്‌സ് ഓഫീസിന്റെ പഠനത്തില്‍ പുറത്തുവിട്ടത്. ആത്മഹത്യ ചെയ്ത 406 പേരില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്. 17 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. ആത്മഹത്യ ചെയ്ത കുട്ടികളില്‍ 52 ശതമാനം പേരും കുവൈത്ത് സ്വദേശികളാണെന്നാണ് കണക്ക്.

2021 ഓഗസ്റ്റ് മൂന്നാം തീയ്യതി ജീവനൊടുക്കിയ എട്ട് വയസുകാരനായ സ്വദേശിയാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍. 2020 കാലഘട്ടത്തില്‍ കൊവിഡ് പ്രതിസന്ധിയും അനുബന്ധ പ്രയാസങ്ങളും കാരണം കുട്ടികളുടെ ആത്മഹത്യയില്‍ വര്‍ദ്ധനവുണ്ടായി.

പഠനം നടത്തിയ നാല് വര്‍ഷ കാലയളവില്‍ ആത്മഹത്യ ചെയ്ത 88 ശതമാനം പേരും പ്രവാസികളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ആകെ 35 സ്വദേശികളാണ് ഈ വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്തത്. ഒപ്പം 13 ബിദൂനികളും ജീവനൊടുക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.