നിക്ഷേപതട്ടിപ്പ്, ദമ്പതിമാര്‍ തട്ടിയത് 100 കോടിയിലേറെ

0
73

കൊച്ചി: നിക്ഷേപകരുടെ പക്കല്‍ നിന്ന് തട്ടിയെടുത്ത പണം ആഡംബര വസതികള്‍ വാങ്ങിയും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ താമസിച്ചും ധൂര്‍ത്തടിച്ചെന്ന് ദമ്പതിമാരുടെ മൊഴി. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ ബുധനാഴ്ച അര്‍ധരാത്രിയാണ് മാസ്റ്റേഴ്‌സ് ഗ്രൂപ്പ് ഉടമകളായ വാഴക്കാല സ്വദേശി എബിന്‍ വര്‍ഗീസും ഭാര്യ ശ്രീരഞ്ജിനിയും പിടിയിലായത്.

100 കോടിയിലേറെ രൂപ ഇവര്‍ തട്ടിയെടുത്തതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതുവരെ 119 പേര്‍ ഇവര്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചു. ന്യൂഡല്‍ഹിയില്‍ പിടിയിലായ ഇവരെ കഴിഞ്ഞദിവസം കൊച്ചി തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. തട്ടിയെടുത്ത പണത്തില്‍ 50 കോടി രൂപ ചൂതാട്ടത്തില്‍ നഷ്ടപ്പെട്ടു എന്നാണ് എബിന്‍ പൊലീസിനോട് പറഞ്ഞത്.

അത് തട്ടിയെടുത്ത കള്ളപ്പണം ഒളിപ്പിക്കാനുള്ള എബിന്റെ തന്ത്രമാണോ എന്നു പൊലീസ് സംശയിക്കുന്നു. ഭാര്യക്കു പണമിടപാടില്‍ പങ്കില്ലെന്നാണ് എബിന്‍ മൊഴി നല്‍കിയത്. തൃക്കാക്കരയില്‍ ഫ്ലാറ്റ് വാങ്ങി നവീകരിക്കാന്‍ ആറു കോടി ചെലവഴിച്ചു. ഫ്ലാറ്റ് സമുച്ചയത്തില്‍ രണ്ടു നിലകളിലായുള്ള അപ്പാര്‍ട്‌മെന്റുകള്‍ വാങ്ങി അവ കൂട്ടിച്ചേര്‍ത്ത് ആഡംബര വീടാക്കിയെന്നും എബിന്‍ പൊലീസിനോട് പറഞ്ഞു.

എന്നാല്‍ അടുത്തയിടെ ഇത് എബിന്റെ പേരില്‍ നിന്നും മാറ്റിയതായി പൊലീസ് കണ്ടെത്തി. ഗോവയിലെ കാസിനോകളില്‍ ചൂതാട്ടം, വിവിധ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങല്‍, ആഡംബര കാറുകളും ഫ്‌ളാറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും മുതല്‍ ക്രിക്കറ്റ് ക്ലബ്ബ് വരെ വാങ്ങിക്കൂട്ടിയും തട്ടിയെടുത്ത പണം ചെലവഴിച്ചതായാണ് സൂചന. മാസ്റ്റേഴ്‌സ് ക്ലബ്ബ് എന്ന പേരില്‍ എറണാകുളം കേന്ദ്രീകരിച്ച് ക്രിക്കറ്റ് ടീം രൂപീകരിച്ചിരുന്നു. ജില്ലയില്‍ മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളും തുടങ്ങി.

തൃക്കാക്കരയിലെ മാസ്റ്റേഴ്‌സ് ഫിന്‍കോര്‍പ്പ്, മാസ്റ്റേഴ്‌സ് ഫിന്‍ സെര്‍വ്, മാസ്റ്റേഴ്‌സ് ഫിന്‍ കെയര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വഴിയായിരുന്നു തട്ടിപ്പ്.2013ല്‍ തൃക്കാക്കരയില്‍ മാസ്റ്റേഴ്‌സ് ഫിന്‍കോര്‍പ്പ് എന്ന സ്ഥാപനമാണ് ഇവര്‍ ആദ്യം ആരംഭിച്ചത്. ഓഹരി വിപണിയില്‍ 2017 വരെ പണം നിക്ഷേപിച്ച് ഇടപാടുകള്‍ നടത്തിയിരുന്നു. ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പ്രവാസികള്‍, സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ തട്ടിപ്പിനിരയാക്കിയെന്നും, കോടികള്‍ തട്ടിയെടുത്തെന്നുമാണ് ലഭിക്കുന്ന വിവരം.