വിമാനത്തിന്റെ ബാത്ത് റൂമിലിരുന്ന് സിഗരറ്റ് വലിച്ച അറുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍

0
101

വിമാനത്തിന്റെ ബാത്ത് റൂമിലിരുന്ന് സിഗരറ്റ് വലിച്ച അറുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. തൃശൂര്‍ മാള സ്വദേശി സുകുമാരനെയാണ് (62) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ദുബൈയില്‍ നിന്നും നെടുമ്പാശേരിയിലേക്കുളള സ്‌പൈസ് ജെറ്റ് വിമാനം പറക്കുന്നതിനിടെയാണ് സംഭവം. പൊലീസിന് ലഭിച്ച വിവരം പ്രകാരം, ശുചിമുറിയില്‍ നിന്ന് പുറത്തേക്ക് പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ട വിമാന അധികൃതരാണ് പുകവലിച്ച കാര്യം കണ്ടെത്തിയത്. തുടര്‍ന്ന് ഇക്കാര്യം വിമാനത്താവള സുരക്ഷാ ഓഫിസര്‍മാരെ അറിയിക്കുകയും, വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സുകുമാരന്റെ പക്കല്‍ നിന്ന് സിഗരറ്റും പിടിച്ചെടുത്തിട്ടുണ്ട്.

എയര്‍ക്രാഫ്റ്റ് ആക്ട് സെക്ഷന്‍ 11എ, 5എ പ്രകാരവും കേരളാ പൊലീസ് ആക്ട് സെക്ഷന്‍ 118(ഇ) പ്രകാരവുമാണ് സുകുമാരനെതിരെ കേസെടുത്തിരിക്കുന്നത്. ഫ്ളൈറ്റിനകത്ത് പുകവലിക്കുന്നത് വലിയ അപകടം വിളിച്ച് വരുത്തുമെന്നും തീ പിടുത്തത്തിന് വരെ സാധ്യതയുണ്ടെന്ന് ഐയാട്ട ഏജന്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ അധ്യക്ഷന്‍ ബിജി ഈപ്പന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഫ്ളൈറ്റില്‍ പുകവലിക്കുന്നത് രണ്ട് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും ബിജി ഈപ്പന്‍ വ്യക്തമാക്കി.