കട്ടപ്പനയിൽ പ്രണയാഭ്യർഥന നിരസിച്ച യുവതിയുടെ മുഖത്ത് യുവാവ് കുത്തിയത് നാല് തവണ, കൺപുരികത്തിനടക്കം ഗുരുതരപരിക്ക്

0
2181

കട്ടപ്പന: പ്രണയാഭ്യർഥന നിരസിച്ച യുവതിയുടെ മുഖത്ത് യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. കട്ടപ്പനയിൽ ബ്യൂട്ടി പാർലർ നടത്തുന്ന 29-കാരിയേയാണ് യുവാവ് കുത്തിപരിക്കേൽപ്പിച്ചത്. യുവതിയുടെ പരാതിപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ ചക്കുപള്ളം സ്വദേശി അരുൺകുമാർ (27) പിടിയിലായി.

കഴിഞ്ഞ ദിവസം വൈകീട്ട് 4.30-ഓടെ പുതിയ ബസ് സ്റ്റാൻഡിൽ വെച്ചാണ് യുവാവ് യുവതിയുമായി വാക്കുതർക്കമുണ്ടാക്കിയത്. തുടർന്ന് യുവാവ് കൈയിൽ സൂക്ഷിച്ചിരുന്ന കത്തിപുറത്തെടുത്ത് യുവതിയുടെ മുഖം ലക്ഷ്യമാക്കി കുത്തുകയായിരുന്നു.

നാലുപ്രാവശ്യമാണ് യുവതിയുടെ മുഖത്ത് യുവാവ് കുത്തിയത്. കൺപുരികത്തിനുൾപ്പെടെ കുത്തേറ്റ യുവതിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. കാഴ്ച ഇല്ലാതാക്കി യുവതിയെ കൊല്ലുകയായിരുന്നു യുവാവിന്റെ ലക്ഷ്യം.
കൺപുരികത്തിനേറ്റ മുറിവ് ആഴമുള്ളതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.