മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു

0
77

ഇംഫാല്‍: വര്‍ഗീയ സംഘര്‍ഷമുണ്ടായ മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്. ഇന്ന് പുലര്‍ച്ചെയുണ്ടായ വെടിവെയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഉക്രുല്‍ ജില്ലയിലെ തൗവാക്കി കുക്കി ഗ്രാമത്തില്‍ കുക്കി സമുദായത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്.

ആയുധധാരികളായ അക്രമികള്‍ പുലര്‍ച്ചെ നാലരയോടെ കുക്കി സമുദായക്കാര്‍ താമസിക്കുന്ന ഗ്രാമത്തിലെത്തി അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമികളുടെ വെടിവെപ്പില്‍ ഗ്രാമത്തിന് കാവല്‍ നിന്നവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചതായി ഉക്രുല്‍ പൊലീസ് സൂപ്രണ്ട് എന്‍ വാഷും അറിയിച്ചു. അക്രമികളെ പിടികൂടുന്നതിനായി പൊലീസും സൈന്യവും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി എസ്പി പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിന് ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. മെയ്തി, കുക്കി സമുദായങ്ങളില്‍പ്പെട്ടവരാണ് മരിച്ചത്. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിനിടെയാണ് വീണ്ടും വെടിവെപ്പുണ്ടായത്.

അതേസമയം മൂന്ന് ദിവസത്തെ സന്ദര്‍ശത്തിന് സിപിഐഎം പ്രതിനിധി സംഘം ഇന്ന് മണിപ്പൂരില്‍ എത്തും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകള്‍ സംഘം സന്ദര്‍ശിക്കും. വിവിധ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച്ച നടത്തും. ഗവര്‍ണര്‍ അനുസൂയ യുക്കിയുമായി സംഘം കൂടിക്കാഴ്ച നടത്തും.

മെയ് മൂന്നിന് തുടങ്ങിയ മെയ്തി, കുക്കി സംഘര്‍ഷത്തില്‍ 160-ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. മെയ്തി വിഭാഗത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുളള നീക്കത്തില്‍ പ്രതിഷേധിച്ച് മണിപ്പൂരിലെ മലയോര ജില്ലകളില്‍ കുക്കികള്‍ സോളിഡാരിറ്റി മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് മെയ്തികള്‍ കുക്കികള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു.