ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളോട് റോഡിൽ ലൈംഗീക അതിക്രമം, 24 കാരനെ നാട്ടുകാർ ഓടിച്ചിട്ടുപിടികൂടി പോലീസിലേൽപ്പിച്ചു

0
798

തിരുവല്ല: ബൈക്കിൽ സഞ്ചരിച്ച് വഴിയാത്രക്കാരായ സ്ത്രീകളോട് ലൈംഗീക അതിക്രമം കാണിച്ചിരുന്ന യുവാവ് അറസ്റ്റിലായി. ചെങ്ങന്നൂർ ചെറിയനാട് തേൻ കുളത്തിൽ നിതിൻ ബാബു (24) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ല മതിൽഭാഗം സ്വദേശിനിയായ പതിനേഴുകാരിയെ ഉപദ്രവിച്ച കേസിലാണ് നിതിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഹെൽമെറ്റില്ലാതെ ബൈക്കോടിക്കുന്ന നിതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലുൾപ്പടെ പ്രചരിച്ചിരുന്നു. ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിൽ നിതിനെ മനസിലായ നാട്ടുകാർ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പെരിങ്ങരയിൽ വെച്ച് നിതിനെ തടഞ്ഞു. തുടർന്നിയാൾ ബൈക്ക് നിലത്തിട്ട് ഓടി. എന്നാൽ ഇയാളെ പിന്തുടർന്ന നാട്ടുകാർ പിടികൂടി പുളിക്കീഴ് പൊലീസിന് കൈമാറുകയായിരുന്നു. പുളിക്കീഴ് പൊലീസ് നിതിനെ തിരുവല്ല പൊലീസിന് കൈമാറി.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കെട്ടിടനിർമ്മാണ തൊഴിലാളിയായ നിതിൻ രാവിലെ പണിക്ക് പോകുമ്പോഴും വെകുന്നേരം തിരിച്ചുമടങ്ങുമ്പോഴുമാണ് സ്ത്രീകളുടെ നേരെ ലൈംഗീക അതിക്രമം നടത്തിയിരുന്നത്. ഇയാൾ കഞ്ചാവുൾപ്പടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്നും പോലീസ് അറിയിച്ചു. പിടിക്കപ്പെടാതിരിക്കാൻ ബൈക്കിന്റെ മുമ്പിലും പിമ്പിലും ഇയാൾ വ്യത്യസ്ത നമ്പറുകളാണ് ഘടിപ്പിച്ചിരുന്നത്.