എലിസബത്ത് രാജ്ഞിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക

0
122

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്ന് രാജ്ഞി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ബക്കിങ്ങാം പാലസ്.

സ്‌കോട്ട്‌ലൻഡിലെ വേനൽക്കാലവസതിയായ ബാൽമോറിലാണ് രാജ്ഞി വിദഗ്ധ ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രാജ്ഞിയുടെ ആരോഗ്യസ്ഥിതിയിൽ ഡോക്ടർമാർ ആശങ്കാകുലരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 96 വയസുള്ള രാജ്ഞി കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ആരോഗ്യപ്രശ്‌നങ്ങളാൽ ഡോക്ടർമാരുടെ പരിചരണത്തിലാണ്.

കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും കൊട്ടാരത്തിലുണ്ട്.

മക്കളായ പ്രിൻസ് ആൻഡ്രൂ, പ്രിൻസ് എഡ്വേർഡ്, ചെറുമക്കളായ വില്യം രാജകുമാരൻ, ഹാരി രാജകുമാരൻ എന്നിവരെല്ലാം രാജ്ഞിയെ കാണാനായി പാലസിലേക്ക് ഉടനെ എത്തുമെന്നാണ് റിപ്പോർട്ട്.

ബുധനാഴ്ച രാഷ്ട്രീയ ഉപദേഷ്ടാക്കളുമായി ഉന്നതതല യോഗം തീരുമാനിച്ചിരുന്നുവെങ്കിലും ഡോക്ടർമാർ വിശ്രമിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ബുധനാഴ്ച രാവിലെയോടെ രാജ്ഞിയുടെ ആരോഗ്യനിലയിൽ ഡോക്ടർമാർ ആശങ്കപ്രകടിപ്പിച്ചു.

രാജ്ഞിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഹൗസ് ഓഫ് കോമൺസിൽ സ്പീക്കർ അടിയന്തര വിശദീകരണം നൽകിയിട്ടുണ്ട്. രാജ്ഞിയുടെ ആരോഗ്യം മോശമാണെന്ന വാർത്ത പുറത്തുവന്നതോടെ ബാൽമോർ കൊട്ടാരത്തിലേക്ക് ജനങ്ങൾ ഒഴുകിയെത്തുകയാണ്. ബക്കിങ്ങാം പാലസിനു മുന്നിലും നിരവധിയാളുകളാണ് എത്തിയിട്ടുള്ളത്.