റഷ്യക്കാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍

0
94

കൂരാച്ചുണ്ട്: റഷ്യന്‍ യുവതിയെ ലഹരിമരുന്ന് കൊടുത്ത് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശി ഓലക്കുന്നത്ത് ആഖില്‍ (28) ആണ് അറസ്റ്റിലായത്. കൂരാച്ചുണ്ട് പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി.സുനില്‍കുമാറാണ് ഇയാളെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം അഖിലിനൊപ്പം കാളങ്ങാലിയിലെ വീട്ടില്‍ താമസിക്കുമ്പോള്‍ മര്‍ദനമേറ്റതിനെ തുടര്‍ന്ന് യുവതിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. റഷ്യന്‍ ഭാഷ മാത്രം സംസാരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസിനു സാധിക്കാത്തതിനാല്‍ കേസെടുത്തുരുന്നില്ല.

വെള്ളിയാഴ്ച ദ്വിഭാഷിയുടെ സഹായത്തോടെ പൊലീസ് മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം വെളിപ്പെട്ടത്. സംഭവത്തില്‍ വനിതാ കമ്മിഷനും കേസെടുത്തു. ആറു മാസം മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവാവ് ലഹരി ബലമായി നല്‍കി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. യുവാവിന്റെ വീട്ടില്‍ പ്രശ്നം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.
ഇരുവരും ഖത്തര്‍, നേപ്പാള്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഒരു മാസം മുന്‍പാണ് ഇന്ത്യയില്‍ എത്തിയത്. യുവതിയുടെ പാസ്പോര്‍ട്ടും, ഐഫോണും യുവാവ് നശിപ്പിച്ചെന്നും, നിരന്തരം മര്‍ദിച്ചെന്നും മൊഴിയില്‍ പറയുന്നു. കാളങ്ങാലിയിലെ വീട്ടില്‍നിന്നു മൂന്നു ഗ്രാം കഞ്ചാവ് സഹിതമാണ് ആഖിലിനെ പിടികൂടിയത്. രണ്ടു കേസുകളിലും പ്രതിയായ യുവാവിനെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.