ഇന്ന് ആഗോളസഭ പരിശുദ്ധ അമ്മയുടെ ജനനത്തിരുനാള്‍ കൊണ്ടാടുകയാണ്. ഏഡി ആറാം നൂറ്റാണ്ടു മുതലാണ് പരിശുദ്ധ അമ്മയുടെ തിരുനാള്‍ സഭയിലാഘോഷിച്ചുതുടങ്ങിയത്.
പൗരസ്ത്യ സഭയില്‍ സഭാ കലണ്ടര്‍ അനുസരിച്ചുള്ള വര്‍ഷം ആരംഭിക്കുന്നത് സെപ്തംബറിലാണ്. അതിനാല്‍ സെപ്തംബര്‍ മാസത്തില്‍ തന്നെ മാതാവിന്റെ ജനനത്തിരുനാളായി ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പരിശുദ്ധ മറിയത്തിന്റെ ജനനത്തെ കുറിച്ച് ബൈബിളില്‍ വിവരണമില്ലെങ്കിലും അപ്പോക്രിഫ ഗ്രന്ഥമായ ജെയിംസിന്റെ സുവിശേഷം മറിയത്തിന്റെ ജനനത്തെപ്പറ്റി സൂചന നല്‍കുന്നുണ്ട്. മറിയത്തിന്റെ മാതാപിതാക്കളായ അന്നയ്ക്കും യൊവാക്കിമിനും മക്കളില്ലാതെ വന്നപ്പോള്‍ അവര്‍ തീക്ഷണമായി ഒരു കുഞ്ഞിന് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചു. രക്ഷയെ ലോകത്തിലേക്ക് കൊണ്ടു വരാനിരിക്കുന്ന ഒരു കുഞ്ഞ് അവര്‍ക്ക് പിറക്കും എന്ന് അരുളപ്പാടുണ്ടായി. യേശുവിന്റെ രക്ഷാകരപ്രവര്‍ത്തിയുമായി വി. അഗസ്റ്റിന്‍ മറിയത്തെ ബന്ധപ്പെടുത്തുന്നുണ്ട്. മറിയത്തിന്റെ ജനനം സംഭവിച്ചപ്പോള്‍ ഭൂമി പ്രശോഭിക്കുകയും ആനന്ദിക്കുകയും ചെയ്തു എന്ന് അദ്ദേഹം പറയുന്നു. ഇതാണ് മറിയത്തിന്റെ ജനനത്തിരുനാളിനെ സംബന്ധിച്ച വിവരണം. 24ന്യൂസ് ലൈവ്.കോമിന്റെ എല്ലാ വായനക്കാര്‍ക്കും മറിയത്തിന്റെ ജനനത്തിരുനാള്‍ മംഗളങ്ങള്‍.