മരണവീട്ടിലെ ചിരിച്ച ഫോട്ടോയ്ക്ക് നെഗറ്റീവ് കമന്റുകളല്ല വേണ്ടത്: മന്ത്രി വി.ശിവൻകുട്ടി

0
218

തിരുവനന്തപുരം: മരണവീട്ടിൽ മൃതദേഹത്തിന് മുമ്പിലെ ചിരിച്ചുകൊണ്ടുള്ള ഗ്രൂപ്പ് ഫോട്ടോയുടെ പേരിൽ കുടുംബത്തിനെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. മൃതദേഹത്തിന് മുന്നിൽ ഉറ്റവർ ചിരിച്ചുനിൽക്കുന്ന ഫോട്ടോക്ക് നെഗറ്റീവ് കമന്റുകൾ അല്ല വേണ്ടതെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ജീവിതത്തിലെ പരമമായ സത്യം മരണം തന്നെയാണ്. മരിച്ച ഒരു വ്യക്തിയെ കരഞ്ഞു കൊണ്ട് യാത്ര അയക്കുന്നതാണ് നാം സാധാരണ കാണാറുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

‘മരണം ഒരു വേർപാട് ആണ്, സങ്കടകരവും. എന്നാൽ അതൊരു വിടവാങ്ങലും യാത്രയയപ്പും കൂടിയാണ്. സന്തോഷത്തോടെ ജീവിച്ചവർക്ക് പുഞ്ചിരിയോടെ ഒരു യാത്രയയപ്പ് നൽകുന്നതിനേക്കാൾ സന്തോഷകരമായി മറ്റെന്താണ് ഉള്ളത്? ഈ ഫോട്ടോക്ക് നെഗറ്റീവ് കമന്റുകൾ അല്ല വേണ്ടത്,’ മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. കോട്ടയം മല്ലപ്പള്ളി സ്വദേശി മറിയാമ്മയാണ് 95-ാം വയസിൽ വാർധക്യ സഹജമായ അസുഖങ്ങളേത്തുടർന്ന് നിര്യാതയായത്. ചിരിച്ചുകൊണ്ടുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ പ്രതികരണവുമായി മരിച്ച മറിയാമ്മയുടെ ബന്ധുക്കൾ രംഗത്തെത്തി.

‘ക്രിസ്തീയ വിശ്വാസ പ്രകാരം മരിച്ചാൽ സ്വർഗത്തിൽ പോകുമെന്നാണ് വിശ്വാസം. മറിയാമ്മ എന്ന അമ്മ അമ്മച്ചി വളരെ നല്ല ജീവിതമാണ് നയിച്ചത്. അമ്മച്ചി സ്വർഗത്തിൽ പോകുന്ന സന്തോഷമാണ് അവിടെ പ്രകടമായത്. അമ്മച്ചിക്കൊപ്പം കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടി പ്രാർത്ഥിച്ച് ഓർമ്മകൾ പങ്കുവെച്ചു. വിശ്രമിക്കാനായി പിരിയാൻ നേരത്ത് എടുത്ത ഫോട്ടോയാണിത്. സ്വകാര്യതയിൽ ഒതുങ്ങേണ്ട ചിത്രം എങ്ങനെയോ പുറത്തായി. ചിലർ അതിനെ മോശം രീതിയിൽ പ്രചരിപ്പിച്ചു,’ പ്രത്യാശയുള്ള ഒരു മരണാനന്തര ജീവിതം അമ്മച്ചിക്ക് ലഭിക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും സന്തോഷത്തോടെ യാത്രയാക്കിയത് അതുകൊണ്ടാണെന്നും ബന്ധുവും ഡോക്ടറുമായ ഉമ്മൻ പി നൈനാൻ പ്രതികരിച്ചു.