ബെംഗളൂരു: പ്രിന്‍സിപ്പലിന്റെ ശല്യം സഹിക്കവയ്യാതെ കര്‍ണാടകയില്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കി. സര്‍ എം വിശ്വേശ്വരയ്യ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനിയായ ഐശ്വര്യ (17) ആണ് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുടെ മരണത്തിന് കാരണം പ്രിന്‍സിപ്പല്‍ രമേശാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. പെണ്‍കുട്ടിയെ കോളേജ് പ്രിന്‍സിപ്പല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും പിന്നീട് കൊലപ്പെടുത്തിയെന്നും ശേഷം ആത്മഹത്യയാക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപണമുയര്‍ത്തി. ജനുവരി മൂന്നിന് രാത്രിയിലാണ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു
പെണ്‍കുട്ടിയെ പ്രിന്‍സിപ്പല്‍ നിരന്തരം വിളിക്കാറുണ്ടായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. പ്രിന്‍സിപ്പലിനെതിരെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിനെതിരെ പോക്‌സോ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.