പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്ന് വൈറസ് ബാധിച്ചു, ഭാര്യയുടെ മരണത്തെപ്പറ്റി നടന്‍ ജഗദീഷ്

0
62

ചിക്കന്‍പോക്‌സ് രോഗിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ അതില്‍ നിന്ന് ഉള്ള വൈറസ് ബാധിച്ചാണ് ഭാര്യ രമ മരിച്ചതെന്ന് നടന്‍ ജഗദീഷ്. ഫ്‌ലവേഴ്‌സിലെ ഒരു കോടി എന്ന പരിപാടിയിലാണ് ജഗദീഷ് ഭാര്യയുടെ മരണകാരണം വെളിപ്പെടുത്തിയത്.

”തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്നു രമ. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ന്യൂറോണ്‍സിനെ ബാധിക്കുന്ന അസുഖമായിരുന്നു രമയ്ക്ക്. ന്യൂറോണിന്റെ പ്രവര്‍ത്തനം നടക്കാതെ വരുന്ന അവസ്ഥ. അവസാനം വരെ അവളെ സ്‌നേഹിക്കുക മാത്രമല്ല നല്ല കെയറും കൊടുക്കുവാന്‍ എനിക്ക് സാധിച്ചു. അതില്‍ അതിയായ സന്തോഷവും ഉണ്ട്. രോഗം അറിയാന്‍ ഒരിക്കലും വൈകിയതല്ല. ഹോമിയോപ്പതിയിലെ പഠനം പറഞ്ഞത് ചിക്കന്‍പോക്‌സ് വന്നൊരു രോഗിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ അതില്‍ നിന്ന് ഉള്ള വൈറസ് രമയെ ബാധിച്ചു എന്നാണ്.

എന്നാല്‍ അലോപ്പതി ആ വാദത്തെ പാടെ തള്ളുന്നുമുണ്ട്. അങ്ങനെ മരിച്ച മതദേഹത്തില്‍ നിന്ന് വൈറസ് ബാധിക്കാനുള്ള ഒരു സാധ്യതയുമില്ല എന്നായിരുന്നു അലോപ്പതി പറഞ്ഞിരുന്നത്. അറിഞ്ഞപ്പോള്‍ മാത്രം അവളുടെ കണ്ണുകള്‍ ചെറുതായി ഒന്നു നിറഞ്ഞു. പിന്നെ ഒരിക്കലും ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടിട്ടില്ല എന്ന് മാത്രമല്ല, ഒരു രോഗിയാണെന്ന ഭാവം പോലും രമ കാണിച്ചിട്ടില്ല. അവസാന നിമിഷം വരെ രോഗത്തോട് പൊരുതി. ഭാര്യയോട് സ്‌നേഹം മാത്രമല്ല അതിയായ ആദരവും ബഹുമാനവും ആണ് എനിക്ക്. രോഗം ബാധിച്ചു കഴിഞ്ഞപ്പോള്‍ ഒപ്പു ചെറുതായി പോകുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒരു ദിവസം ഒപ്പിട്ടപ്പോള്‍ ചെറുതാകുന്നുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അങ്ങനെ ഒന്നുമില്ല എന്ന് പറഞ്ഞു. പക്ഷേ പിന്നീട് രോഗം സ്ഥിരീകരിച്ച ശേഷം ഞാന്‍ നെറ്റില്‍ നോക്കിയപ്പോള്‍ ലക്ഷണങ്ങളില്‍ ഒന്നായി കണ്ടത് കൈയക്ഷരം ചെറുതാകുന്നതായിരുന്നു.

കൈയുടെ പ്രവര്‍ത്തനം ചെറുതാകുന്ന തരത്തില്‍ ആയിരിക്കും അപ്പോള്‍ ന്യൂറോണുകള്‍ പ്രവര്‍ത്തിക്കുക. ഒരിക്കലും ജഗദീഷിന്റെ ഭാര്യ എന്ന നിലയില്‍ അല്ലായിരുന്നു രമ അറിയപ്പെട്ടത്. മരിച്ചപ്പോള്‍ പോലും വാര്‍ത്ത വന്നത് ഡോക്ടര്‍ പി രമ അന്തരിച്ചുവെന്നായിരുന്നു. ജീവിതത്തില്‍ ഒരിക്കലും എന്റെ ആഗ്രഹങ്ങള്‍ക്ക് എതിര് നില്‍ക്കാത്ത വ്യക്തിയായിരുന്നു. ആകെ മൂന്ന് തവണ മാത്രം എന്റെ ഒപ്പം വിദേശയാത്രയ്ക്ക് വന്നു. ഫംഗ്ഷനുകള്‍ക്ക് ഒന്നും വരാറില്ല. വിളിക്കുമ്പോള്‍ ഞാന്‍ വരുന്നില്ല എന്ന് പറയും. ഞാന്‍ എത്ര സമ്പാദിക്കുന്നുണ്ടെന്ന് ഒരിക്കലും ചോദിച്ചിരുന്നില്ല. നല്ലൊരു ജോലി ഉപേക്ഷിച്ച് അഭിനയത്തിലേക്ക് പോയപ്പോഴും എന്നെ പിന്തിരിപ്പിച്ചില്ല. താല്‍പര്യവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ പൊക്കോളൂ എന്ന് മാത്രം പറഞ്ഞു. വീട്ടിലെ ഗൃഹനാഥനും ഗൃഹനാഥയും രമയായിരുന്നു. കുടുംബത്തെ മൊത്തം താങ്ങി നിര്‍ത്തി. ജോലിയോടൊപ്പം മക്കളുടെയും എന്റെയും കാര്യങ്ങള്‍ ഒരു കുറവും കൂടാതെ നിറവേറ്റി. വ്യക്തിത്വത്തിന് ഞാന്‍ എനിക്ക് നല്‍കുന്ന മാര്‍ക്ക് നൂറില്‍ അമ്പതാണെങ്കില്‍ രമയ്ക്ക് അത് നൂറില്‍ 90 ആണ് എന്ന് താരം മനസ്സ് തുറന്നു.