ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ യുവതിയുടെയും കാമുകന്റെയും ക്വട്ടേഷന്‍. എന്നാല്‍ പൊലീസ് പിടിയിലാകുമെന്ന് ഭയന്ന് കാമുകന്‍ ആത്മഹത്യ ചെയ്തു. ക്വട്ടേഷന്‍ സംഘത്തിന്റെ പക്കല്‍ നിന്ന് രക്ഷപ്പെട്ട് ഭര്‍ത്താവ് വീട്ടിലെത്തി. ബെംഗളൂരു ദൊഡ്ഡബിഡരക്കല്ലു എന്ന സ്ഥലത്താണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം.
അനുപല്ലവി എന്ന യുവതിയും കാമുകന്‍ ഹിമവന്ത് കുമാറുമാണ് ഭര്‍ത്താവ് നവീന്‍ കുമാറിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ഭര്‍ത്താവിനെ കൊല്ലാന്‍ 90,000 രൂപ അഡ്വാന്‍സായി നല്‍കി. ജോലി പൂര്‍ത്തിയാകുമ്പോള്‍ 1.1 ലക്ഷം രൂപ നല്‍കാമെന്നും ഉറപ്പുനല്‍കി.
ജൂലൈ 23 ന് ഗുണ്ടകളില്‍ രണ്ടുപേര്‍ നവീനിന്റെ ക്യാബ് തമിഴ്നാട്ടിലേക്ക് പോകാന്‍ വാടകയ്ക്കെടുത്തു. മൂന്നാമനും കൂടെ കൂടി. പിന്നീട്, മൂവരും നവീനിനെ തട്ടിക്കൊണ്ടുപോയി വീട്ടില്‍ പാര്‍പ്പിച്ചു. എന്നാല്‍, ഗുണ്ടകള്‍ക്ക് നവീനെ കൊല്ലാന്‍ ധൈര്യമുണ്ടായിരുന്നില്ല. പകരം നവീനുമായി സൗഹൃദത്തിലാകുകയും പാര്‍ട്ടി നടത്തുകയും ചെയ്തു.
ഇതിനിടെ നവീനെ കൊലപ്പെടുത്തിയെന്ന് ബോധിപ്പിക്കാന്‍ ക്വട്ടേഷന്‍ സംഘം നവീന്റെ ദേഹത്ത് തക്കാളി കെച്ചപ്പ് ഒഴിച്ച് ചിത്രമെടുത്ത് ഹിമവന്തിനും അനുപല്ലവിക്കും അയച്ചുകൊടുത്തു. ഫോട്ടോ കണ്ട് ഭയന്ന ഹിമവന്ത് ഓഗസ്റ്റ് ഒന്നിന് ബാഗലഗുണ്ടെയിലെ വസതിയില്‍ ആത്മഹത്യ ചെയ്തു. സംഭവം കേസ് ആകുമോ എന്ന് ഭയന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.