ന്യൂഡെല്‍ഹി: വായ്പയായി കൊടുത്ത പണം തിരിച്ചുചോദിച്ച 54 കാരിയെ കൊലപ്പെടുത്തി മൃതദേഹം ശ്മശാനത്തില്‍ കുഴിച്ചിട്ടു. വഴിവാണിഭകാര്ക്കും ദിവസ വേതനക്കാര്‍ക്കും പണം കടം നല്‍കിയിരുന്ന മീന വാധവനാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നിന്നും പണം കടം വാങ്ങിയ റെഹാന്, മൊബിന് ഖാന്, നവീന്‍ എന്നിവരാണ് കൊലപാതകം നടത്തിയത്.
വാങ്ങിയ പണം തിരിച്ചടക്കാന്‍ പ്രതികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതാണ് കുറ്റകൃത്യം ചെയ്യാന്‍ കാരണമായതെന്നാണ് പ്രതികള്‍ പൊലീസിന് നല്കിയ മൊഴി.
ജനുവരി രണ്ടിന് വീട് വിട്ടിറങ്ങിയ മീന വാധവന്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നല്കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത.്
മീന വാധവന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ആദ്യം പ്രതിയായ മൊബിനെ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ കൊലപാതകത്തെ പറ്റിയുള്ള ഒരു വിവരവും ലഭിച്ചില്ല. ശേഷം നവീനെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ താനും മോബിനും റെഹാനും ചേര്‍ന്ന് മീന വാധവനെ കൊലപ്പെടുത്തിയതെന്ന് നവീന്‍ മൊഴി നല്കി. മൃതദേഹം നംഗ്ലോയിലെ ശ്മശാനത്തില്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി.
എന്നാല്‍ കേസില്‍ പിടിയിലായ പ്രതികള്‍ കുടുംബ സുഹൃത്തുക്കളാണെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. മൃതദേഹം കൊണ്ട് പോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്മശാനത്തിലെ കാവല്‍ക്കാരനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനായി ഇയാള്‍ പ്രതികളില്‍ നിന്ന് 5,000 രൂപ വാങ്ങിയതായും പൊലീസ് പറഞ്ഞു.