ജീപ്പ് മറിഞ്ഞു 2 പേർ മരിച്ചു, സ്റ്റാലിനെ മരണം വിളിച്ചത് മറ്റൊരു കമ്പനിയിൽ ജോലിയിൽ കയറാനിരിക്കെ

0
651

ജീപ്പ് മറിഞ്ഞു രണ്ടു പേർ മരിച്ചു. എട്ടു പേർക്ക് പരുക്ക്. പുളിങ്കട്ട മാത്രവിളയിൽ ലാസറിന്റെ മകൻ സ്റ്റാലിൻ (34), കോട്ടമല എസ്റ്റേറ്റ് ലയത്തിൽ ഗണേശന്റെ ഭാര്യ സ്വർണ മാരി (51) എന്നിവരാണ് മരിച്ചത്. തൊഴിലാളികളുമായി പോയ ജീപ്പാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. ഇന്നലെ രാവിലെ എട്ടിനു കൂവലേറ്റത്തായിരുന്നു അപകടം.

കോട്ടമല എസ്റ്റേറ്റ് സ്വദേശികളായ വീരമണലിൽ പുഷ്പ (46), സെൽവ റാണി (50), മഹാലക്ഷമി (52), സിന്ധു ബിനു (30), ശാന്തി (41), വള്ളിയമ്മ (45), ഡെയ്സി മുരുകേശൻ (42), മുരുകേശൻ (45) എന്നിവർക്കാണു പരുക്കേറ്റത്.

കോട്ടമല മൂന്നാം ഡിവിഷനിൽ നിന്നും പുളിങ്കട്ടയിലെ സ്റ്റാലിന്റെ ഏലകൃഷിയിടത്തിലേയ്ക്ക് തൊഴിലാളികളുമായി പോകവെയാണ് ജീപ്പ്അമ്പതടി താഴ്ചയിലേക്ക് മറിഞ്ഞത്. സ്റ്റാലിൻ ആയിരുന്നു ഡ്രൈവർ. വഴിയരികിലെ തടിയിൽ ഇടിച്ചതിനു ശേഷം താഴെയുള്ള കൃഷിയിടത്തിലേക്ക് മറിയുകയായിരുന്നു. ജീപ്പ് പൂർണമായും തകർന്ന നിലയിലാണ്. ഉടൻ തന്നെ അപകടത്തിൽപ്പെട്ടവരെ ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും വഇമധ്യേ സ്റ്റാലിൻ മരിച്ചു.

പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മുംബൈയിൽ ജോലി ചെയ്തിരുന്ന സ്റ്റാലിൻ കുറച്ച് നാളുകൾക്ക് മുൻപാണ് നാട്ടിലെത്തിയത്. ബംഗളുരുവിൽ മറ്റൊരു കമ്പനിയിൽ ജോലിക്ക് പോകാനിരിക്കെയാണ് അപകടം.സ്റ്റാലിന്റെ മാതാവ് ജ്ഞാനസുന്ദരി.