ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വര്‍ഗീയതയോടുളള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവും കര്‍ണാടകയില്‍ പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ വന്ന് കര്‍ണാടകയില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ല. എന്നാല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തെ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവെന്ന് പറയാന്‍ കഴിയില്ലെന്നും ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കാണണം. ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിച്ച് രാജ്യത്ത് നിന്നും ബിജെപിയെ പുറത്താക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാനത്ത് ഇത്തവണ വന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. 224 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷവും കടന്ന് ലീഡ് നിലയില്‍ ഏറെ മുന്നിലാണ് കോണ്‍ഗ്രസ്.നിലവില്‍ കോണ്‍ഗ്രസ് 133 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 63 സീറ്റുകളിലും ജെഡിഎസ് 22 സീറ്റുകളിലും മുന്നിലാണ്.