വിവാഹം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വധു തൂങ്ങിമരിച്ച നിലയിൽ. തൃശൂർ പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകൻറെ മകൾ അനുഷയെയാണ് ശനിയാഴ്ച പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുപത്തിരണ്ട് വയസായിരുന്നു അനുഷയ്ക്ക്.
ഇയ്യാൽ സ്വദേശിയായ യുവാവുമായുള്ള അനുഷയുടെ വിവാഹം ഞായറാഴ്ചയായിരുന്നു നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിവാഹത്തിന് അണിയാനുള്ള സ്വർണം വാങ്ങുകയും അയൽക്കാരെ ആഭരണങ്ങൾ കാണിക്കുകയും രാത്രി മുതൽ പുലർച്ചെ വരെ കൂട്ടുകാരുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.
ബെഡ് ഷീറ്റ് ഉപയോഗിച്ച് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തൂങ്ങി നിൽക്കുന്ന സമയത്ത് അനുഷയുടെ കയ്യിൽ മൊബൈൽ ഇയർഫോൺ ഉണ്ടായിരുന്നു. കുന്നംകുളം സബ് ഇൻസ്പെക്ടർ ഇ. ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇൻക്വസ്റ്റ് പൂർത്തീകരിച്ചശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കോവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഷീലയാണ് മാതാവ് അതുല്യ സഹോദരി. അതേസമയം യുവതിയുടെ ഫോണിലേക്ക് അവസാനം വന്ന കോളുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ടി.ടി.സിക്ക് വയനാട്ടിൽ താൽക്കാലിക അദ്ധ്യാപികയായി ജോലി ചെയ്യുകയായിരുന്നു അനുഷ. കോവിഡ് വ്യാപിച്ചതോടെ ജോലി നഷ്ടമായ അനുഷ വീട്ടിൽ തിരികെ എത്തിയിരുന്നു. തലേദിവസത്തെ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ യാതൊരു അസ്വാഭാവികതയും ഇല്ലെന്നും അതിനാൽ അനുഷ ആത്മഹത്യ ചെയ്യില്ലെന്നും നാട്ടുകാർ ഉറപ്പിച്ചു പറയുന്നു.