കന്യാസ്ത്രീകളെ യൂട്യൂബ് വീഡിയോയിലൂടെ അപമാനിച്ച സംഭവത്തിൽ വേൾഡ് ക്രിസ്ത്യൻ കൗൺസിൽ(ഡബ്ല്യുസിസി) പ്രസിഡന്റ് കെന്നഡി കരിമ്പിൻകാലാ അറസ്റ്റിൽ.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗീകപീഡനപരാതിയിൽ അന്വേഷണവും വിചാരണയും നീതിപൂർവമായി നടത്തണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളെ 2019 ൽ യൂട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ച സംഭവത്തിലാണ് അറസ്റ്റ്. സിസ്റ്റർ അനുപമയുടെ പരാതിയിലാണ് അറസ്റ്റ്. പോലീസ് കെന്നഡിക്കെതിരെ ഐടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എറണാകുളത്ത് കാക്കനാടുള്ള വീട്ടിൽ എത്തിയാണ് കരിമ്പിൻ കാലായെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ ചാനൽ ചർച്ചകളിലടക്കം കെന്നഡി പറഞ്ഞത് വിവാദമായിരുന്നു.