പത്തനാപുരം: നവവധു ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചു. വിഷം കഴിച്ച ഭർത്താവിനെ അത്യാസന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുന്നിക്കോട് കിണറ്റിൻകര കൈലാസത്ത് മേലേതിൽ സുജിത്തിന്റെ ഭാര്യ ദേവുവിനെയാണ് (22) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം കിണറ്റിൻകര കവലയിൽ സുജിത്ത് വീണുകിടക്കുന്ന കിടക്കുന്ന വിവരം വീട്ടിൽ അറിയിക്കാനെത്തിയ നാട്ടുകാരാണ് ദേവുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
സുജിത്തിന്റെ വീട്ടിൽ അമ്മ ഓമന മാത്രമാണുള്ളത്. ദേവു തൂങ്ങിമരിച്ച സമയം ഇവർ തൊഴിലുറപ്പിന് പോയിരിക്കുകയായിരുന്നു. നാല് മാസം മുമ്പായിരുന്നു അഞ്ചൽ മാവിള സ്വദേശിനിയായ ദേവുവിനെ സുജിത്ത് പ്രണയിച്ച് വിവാഹം കഴിച്ചത്. ജൂണിൽ ദേവുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ അഞ്ചൽ പൊലീസിൽ പരാതിപ്പെട്ടിരുന്നു. അന്വേഷണത്തിനൊടുവിൽ ദേവുവിനെ കണ്ടെത്തിയെങ്കിലും താൻ സുജിത്തിനൊപ്പം പോകുകയാണെന്ന് അറിയിച്ചിരുന്നു. തുടർന്നായിരുന്നു വിവാഹം.