ഫ്രാൻസിലെ നീസിൽ ഞായറാഴ്ച സെ. പിയറി ഡി അരിനെ ദൈവാലയത്തിൽ എത്തിയ അക്രമി ഫാ. ക്രിസ്റ്റോഫ് റുഡ്സിൻസ്‌കിയെ കത്തിയെടുത്തു കുത്തിയപ്പോൾ പിടിച്ചു മാറ്റാനെത്തിയത് 72 കാരിയായ സിസ്റ്റർ മേരീ ക്ലൗദെ. കൈത്തണ്ടയിൽ കുത്തേറ്റുവെങ്കിലും 57 കാരനായ പുരോഹിതന്റെ ജീവൻ രക്ഷിക്കാൻ അവർക്കു സാധിച്ചു. സിസ്റ്ററുടെ അസാമാന്യമായ ധീരതയെ സ്ഥലത്തെ ഭരണാധികാരികൾ ഉൾപ്പെടെയുള്ളവർ ശ്ലാഘിച്ചു. പുരോഹിതനു നെഞ്ചിൽ 20 കുത്തേറ്റിട്ടുണ്ടെങ്കിലും ജീവനു ഭീഷണിയില്ല. പോളണ്ട് സ്വദേശിയാണു പുരോഹിതൻ.
അക്രമി യഹൂദ വംശജനും ഫ്രഞ്ച് പൗരനും മനോരോഗ ചികിത്സയെടുക്കുന്നയാളുമാണെന്നും നടന്നത് ഭീകരാക്രമണമല്ലെന്നും നീസ് രൂപതാധികാരികൾ അറിയിച്ചു. 2020 ഒക്ടോബറിൽ ഇതേ രൂപതയുടെ നോത്രദാം ബസിലിക്കയിൽ ഇസ്ലാമിക ഭീകരാക്രണം നടക്കുകയും മൂന്നു വിശ്വാസികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു