നിപ; കോഴിക്കോട് വിദ്യാലയങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും

16 September, 2023

കോഴിക്കോട്: നിപ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. വിദ്യാര്‍ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുതെന്നും ഉത്തരവുണ്ട്.

കളക്ടറാണ് സെപ്റ്റംബര്‍ 18 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഒരു കാരണവശാലും വിദ്യാര്‍ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരുത്തരുതെന്ന് ഉത്തരവിട്ടത്. ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പടെയുള്ളവക്ക് നിര്‍ദേശം ബാധകമാണ്. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

അംഗന വാടികള്‍, മദ്രസകള്‍ എന്നിവിടങ്ങളിലും വിദ്യാര്‍ഥികള്‍ എത്തിച്ചേരേണ്ടതില്ല. പൊതുപരീക്ഷകള്‍ നിലവില്‍ മാറ്റമില്ലാതെ തുടരുന്നതാണ്. ജില്ലയിലെ പരീക്ഷകള്‍ മാറ്റിവെക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്ന മുറക്ക് നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കളക്ടര്‍ അറിയിച്ചു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബേപ്പൂര്‍ ഹാര്‍ബറിലോ, ഫിഷ് ലാന്‍ഡിങ് സെന്ററുകളിലോ ബോട്ടുകള്‍ അടുപ്പിക്കാനോ മത്സ്യം ഇറക്കാനോ പാടില്ലെന്നും നിര്‍ദേശമുണ്ട്. ഇതിനു പകരമായി മത്സ്യബന്ധനത്തിന് പോയിരിക്കുന്ന ബോട്ടുകളും വള്ളങ്ങളും കോഴിക്കോട് തന്നെയുള്ള വെള്ളയില്‍ ഫിഷ് ലാന്‍ഡിങ് സെന്ററിലോ, പുതിയാപ്പ ഫിഷ് ലാന്‍ഡിങ് സെന്ററിലോ അടുപ്പിക്കണം. ഇവിടെ മത്സ്യമിറക്കാവുന്നതും ലേലത്തിനും കച്ചവടത്തിനും ഈ പറയുന്ന ഫിഷ് ലാന്‍ഡിങ് സെന്ററുകളിലേയും ഹാര്‍ബറുകളിലേയും സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ മത്സ്യ കച്ചവടത്തിനും മത്സ്യ ലേലത്തിനും ബേപ്പൂര്‍ ഹാര്‍ബറിലെ സൗകര്യങ്ങള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഉപയോഗപ്പെടുത്താന്‍ സാധിക്കുകയില്ല. ഇത് പൂട്ടിയിടാന്‍ ആവശ്യമായ നടപടികള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, അസി. ഡയറക്ടര്‍ എന്നിവര്‍ ചെയ്യേണ്ടതാണെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ഇത് കൂടാതെ ബേപ്പൂരില്‍ നിന്നുള്ള വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും യാനങ്ങള്‍ക്കും മത്സ്യം ഇറക്കാനും കച്ചവടം നടത്താനുമുള്ള സൗകര്യങ്ങള്‍ വെള്ളയില്‍ ഫിഷ് ലാന്റിങ് സെന്ററിലും പുതിയാപ്പ ഹാര്‍ബറിലും ചെയ്തു കൊടുക്കേണ്ടതാണ്. ഈ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ല പൊലീസ് മേധാവി ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. കോസ്റ്റല്‍ പൊലീസ് പൊലീസും ഇക്കാര്യത്തില്‍ അധികൃതരെ സഹായിക്കേണ്ടതാണെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.


Comment

Editor Pics

Related News

സൂര്യഘാതമേറ്റ് പെയിന്റ് പണിക്കാരന്‍ മരിച്ചു
ഉമ്മന്‍ ചാണ്ടിക്ക് വാക്‌സിന്‍ നല്‍കാതിരുന്നത് പാര്‍ശ്വഫലം ഭയന്ന്; ചാണ്ടി ഉമ്മന്‍ എംഎല്‍എ
ബാങ്കിലെ നിക്ഷേപം ലഭിച്ചില്ല; ഗൃഹനാഥന്‍ വിഷം കഴിച്ച് മരിച്ചു
കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം ട്രക്കിലിടിച്ചു; ഒരു മരണം,11 പേര്‍ക്ക് പരിക്ക്