മണിപ്പൂരിനെ 'പ്രശ്‌ന ബാധിത' മേഖലയായി പ്രഖ്യാപിച്ചു

27 September, 2023

മണിപ്പൂരിനെ 'പ്രശ്‌ന ബാധിത' മേഖലയായി പ്രഖ്യാപിച്ചു. 19 പ്രത്യേക പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ ഒഴികെയുള്ള മണിപ്പൂരിലെ മുഴുവന്‍ പ്രദേശങ്ങളും സായുധ സേനയുടെ പ്രത്യേക അധികാര നിയമത്തിന്  കീഴില്‍ 'പ്രശ്‌ന ബാധിത' മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള വിജ്ഞാപനമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

 അതേസമയം രണ്ട് വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍  ഇംഫാലില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധറാലികള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തെ ക്രമസമാധാന നില വീണ്ടും താളം തെറ്റിയ അവസ്ഥയിലാണ്. പ്രതിഷേധക്കാരും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സുമായി (ആര്‍ എ എഫ്) നടന്ന ഏറ്റുമുട്ടലില്‍ 45 ഓളം പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു.

വിദ്യാര്‍ഥികളായ ഫിജാം ഹേംജിത്ത് (20), ഹിജാം ലിന്തോയിങ്കമ്പി (17) എന്നിവരെ ജൂലൈ മുതല്‍ കാണാതായിരുന്നു. ഇവര്‍ കൊല്ലപ്പെടുന്നതിന് മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അതേസമയം വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടാന്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരുകളും അക്ഷീണം പ്രയത്നിക്കുകയാണെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞിരുന്നു.

'അന്വേഷണം കൂടുതല്‍ വേഗത്തിലാക്കാന്‍ സിബിഐ ഡയറക്ടറും സംഘവും പ്രത്യേക വിമാനത്തില്‍ ഇംഫാലിലെത്തും. ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത നീക്കുന്നതിന് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ സഹകരണം നിര്‍ണായകമാണ്. കേസന്വേഷണത്തില്‍ ഒരു വീഴ്ചയും വരില്ല'-  ബിരേന്‍ സിംഗ് പറഞ്ഞു.

അക്രമസാധ്യത കണക്കിലെടുത്ത് മണിപ്പൂര്‍ പോലീസ്, സിആര്‍പിഎഫ്, ആര്‍എഎഫ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ വലിയ സംഘത്തെ ഇംഫാലിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും വിന്യസിച്ചിട്ടുണ്ട്. കൂടാതെ, പുതിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Comment

Editor Pics

Related News

പ്രജ്വല്‍ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്തു, മോദി മാപ്പ് പറയണം; രാഹുല്‍ ഗാന്ധി
പോയി ചത്തുകൂടെ എന്നൊരാളോട് പറയുന്നത് ആത്മഹത്യാ പ്രേരണയായി കാണാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി
കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു