കുഞ്ഞിന്റെ പേരിനെ ചൊല്ലി തര്‍ക്കം; ഹൈക്കോടതി കുഞ്ഞിന് പേരിട്ടു

01 October, 2023

എറണാകുളം: മാതാപിതാക്കള്‍ തമ്മില്‍ പേരിടുന്നതിനെചൊല്ലി തര്‍ക്കമായതോടെ ഹൈക്കോടതി കുഞ്ഞിന് പേരിട്ടു. 'പേരന്റ്‌സ് പാട്രിയ' എന്ന സവിശേഷാധികാരം ഉപയോഗിച്ചാണ് കോടതിയുടെ സിംഗിള്‍ ബെഞ്ച് കുഞ്ഞിന് പേരിട്ടത്. കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കളെപ്പോലെ ഹൈക്കോടതിക്കും അധികാരം നല്‍കുന്ന സവിശേഷാധികാരമാണ് പേരന്റ്‌സ് പാട്രിയ.

കുഞ്ഞിന്റെ ജനനത്തോടെ തമ്മില്‍ അകല്‍ച്ചയിലായ മാതാപിതാക്കള്‍ പേരിടലിലും തര്‍ക്കം ഉന്നയിച്ചതോടെയാണ് മാതാവ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സവിശേഷാധികാരം പ്രയോഗിച്ചത്. കുഞ്ഞിനെ സ്‌കൂളില്‍ ചേര്‍ക്കാനെത്തിയപ്പോഴായിരുന്നു ജനന സര്‍ട്ടിഫിക്കറ്റില്‍ പേരില്ലാത്തത് പ്രശ്നമായി മാറിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശാനുസരണം അമ്മ ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്ട്രാറെ സമീപിച്ചു. എന്നാല്‍ മാതാപിതാക്കളുടെ ഒരുമിച്ചുള്ള സാന്നിധ്യത്തിലേ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നായിരുന്നു രജിസ്ട്രാറുടെ നിലപാട്.

തുടര്‍ന്ന് കുഞ്ഞിന് പേരിടാന്‍ ദമ്പതികള്‍ ഒരുമിച്ച് രജിസ്ട്രാറുടെ അടുത്തെത്തിയെങ്കിലും പേരിന്റെ കാര്യത്തില്‍ ഇവര്‍ക്ക് സമവായത്തിലെത്താനായില്ല. പിന്നീട് താന്‍ നിര്‍ദേശിച്ച പേരിടാന്‍ ഭര്‍ത്താവിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ എറണാകുളം കുടുംബ കോടതിയെ (Family Court Ernakulam) സമീപിച്ചു. കുടുംബ കോടതി ആലുവ മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ മുന്‍പില്‍ ഇരുവരോടും ഹാജരാകാന്‍ നിര്‍ദേശിച്ച് ഉത്തരവിറക്കിയെങ്കിലും അത് നടപ്പായില്ല. വീണ്ടും കുഞ്ഞ് പേരില്ലാതെ തുടര്‍ന്നതോടെയാണ് കുഞ്ഞിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.

തുടര്‍ന്നാണ് പേരന്റ്‌സ് പാട്രിയ ഉപയോഗിച്ച് ഹൈക്കോടതി തന്നെ കുഞ്ഞിന് പേരിട്ടത്. നിലവില്‍ കുഞ്ഞ് അമ്മയ്ക്കൊപ്പമായതിനാല്‍ അമ്മ മുന്നോട്ട് വച്ച പേരിന് കോടതി പ്രാമുഖ്യം നല്‍കി. പേരിടലില്‍ കുഞ്ഞിന്റെ ക്ഷേമം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ കണക്കിലെടുക്കണമെന്ന് സിംഗിള്‍ ബെഞ്ചിലെ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. കോടതി നല്‍കിയ പേര് രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്ട്രാര്‍ക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ കുട്ടിയുടെ അമ്മയോട് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. മാതാപിതാക്കളില്‍ ഒരാളുടെ സാന്നിധ്യത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്ട്രാര്‍ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതോടൊപ്പം ജനന-മരണ രജിസ്‌ട്രേഷന്‍ വ്യവസ്ഥ പ്രകാരം രക്ഷിതാവെന്ന രീതിയില്‍ മാതാപിതാക്കളില്‍ ഒരാള്‍ക്ക് കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്യാനാകുമെന്നും സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു.


Comment

Editor Pics

Related News

യുവാവ് ഉയിര്‍ത്തേഴുനേല്‍ക്കുമെന്ന് തെറ്റിദ്ധരിച്ച് മൃതദേഹം ഗംഗാനദിയില്‍ കെട്ടിയിട്ടു
യുകെയില്‍ കാറിടിച്ച് വയോധികന്‍ മരിച്ചു, മലയാളി വിദ്യാര്‍ത്ഥിക്ക് ആറ് വര്‍ഷത്തെ തടവും വിലക്കും
വാട്‌സ് ആപ്പ് സ്റ്റാറ്റസിട്ട് നടി ആത്മഹത്യ ചെയ്തു
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമം; 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു