കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി, നെഞ്ചിടിപ്പോടെ പ്രവാസികള്‍

02 October, 2023

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജോലി ചെയ്യുന്ന വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ നീക്കം. പാര്‍ലമെന്റ് അംഗം ഫഹദ് ബിന്‍ ജമിയാണ് ഇതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്‍ കുവൈറ്റ് മന്ത്രി സഭ അംഗീകരിച്ചാല്‍ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാകും. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂന്നു ശതമാനം വരെ റെമിറ്റന്‍സ് ടാക്‌സ് ഈടാക്കണമെന്നാണ് പാര്‍ലമെന്റ് അംഗം ഫഹദ് ബിന്‍ ജമി ആവശ്യപ്പെടുന്നത്.

കുവൈറ്റില്‍ പ്രതിവര്‍ഷം ഏകദേശം അഞ്ചു മുതല്‍ 17 ബില്യണ്‍ ഡോളറാണ് വിദേശികള്‍ നാട്ടിലേക്ക് അയക്കുന്നത്. ഈ പണത്തിന് നികുതി ഏര്‍പ്പെടുത്തണം. സൗദി അറേബ്യ, ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ വര്‍ഷങ്ങല്‍ക്ക് മുമ്പ് തന്നെ ഈ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. അത് കുവൈറ്റിലും ഏര്‍പ്പെടുത്തണം എന്നാണ് ഫഹദ് ബിന്‍ ജമി അവകാശപ്പെടുന്നത്.

നിയമ ലംഘനം നടത്തുന്ന ബാങ്കുകള്‍ക്കും മണി എക്സ്ചേഞ്ചുകള്‍ക്കും പിഴ ചുമത്താന്‍ നിര്‍ദേശം കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക നല്‍കണം എന്നാണ് ഫഹദ് ബിന്‍ ജമി ആവശ്യപ്പെടുന്നത്. എന്നാല്‍ വിദേശികളുടെ പണത്തിന് നികുതി ഈടാക്കാനുള്ള തീരുമാനം കുവൈറ്റ് സര്‍ക്കാര്‍ നേരത്തെ തന്നെ തള്ളിയിരുന്നു. ഇത്തരമൊരു നികുതി വന്നാല്‍ അത് സമ്പദ്ഘടനയെത്തന്നെ ബാധിക്കുമെന്നും വിദഗ്ധരായ തൊഴിലാളികള്‍ രാജ്യംവിട്ടു പോകുമെന്നാണ് അധികൃതര്‍ വിഷയത്തില്‍ നല്‍കിയ വിശദീകരണം.


Comment

Editor Pics

Related News

യു.എ.ഇ ല്‍ കനത്തമഴ, റെഡ് അലര്‍ട്ട്
ഒമാനില്‍ പ്രളയം, കെട്ടിടം തകര്‍ന്നുവീണ് മലയാളി മരിച്ചു
ഒമാനില്‍ വെള്ളപ്പൊക്കം,ഒമ്പത് മരണം
സൗദിയില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു